India's Prime Minister Narendra Modi addresses the media on the first day of the monsoon session of the parliament, in New Delhi on July 21, 2025. (Photo by Sajjad HUSSAIN / AFP)

India's Prime Minister Narendra Modi addresses the media on the first day of the monsoon session of the parliament, in New Delhi on July 21, 2025. (Photo by Sajjad HUSSAIN / AFP)

ഓപറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റില്‍. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണം ലോകത്തെ ത‌ന്നെ ഞെട്ടിച്ചു. ഇതിന് മറുപടിയായി ഭീകരരുടെ താവളങ്ങളില്‍ കയറി ഇന്ത്യ ആക്രമിച്ചുവെന്നും പാക്കിസ്ഥാനിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ദൗത്യം 100 ശതമാനം വിജയമായിരുന്നുവെന്നും പ്രധാമന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു. ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളാണ് ഉപയോഗിച്ചത്. ഇന്ത്യയുടെ ശക്തി ലോകം കണ്ടുവെന്നും പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനായി ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും ഒന്നിച്ച് നിന്നുവെന്നും പാര്‍ലമെന്‍റിലും ഈ ഐക്യം തുടരട്ടെയെന്നും മോദി പറഞ്ഞു. 

രാജ്യം വികസനത്തിന്‍റെ പാതയിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്നും അവകാശപ്പെട്ടു. പണപ്പെരുപ്പം കുറഞ്ഞുവെന്നും രാജ്യത്തിന്‍റെ വികാസം കൂടിയെന്നും യുപിഐ ലോകത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  നക്സല്‍ മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുക്കുകയാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി നൂറുകണക്കിന് ജില്ലകള്‍ മാവോയിസ്റ്റ് മുക്തമായെന്നും കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമാണ് ഓപറേഷന്‍ സിന്ദൂറടക്കം പാര്‍ലമെന്‍റില്‍ വിഷയമായത്. ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടെന്ന യുഎസ് പ്രസിഡന്‍റിന്‍റെ അവകാശവാദവും, യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ട്രംപിന്‍റെ വെളിപ്പെടുത്തലുകളിലുമടക്കം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പഹല്‍ഗാമിന് പുറമെ  ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം തുടങ്ങിയ വിഷയങ്ങളും വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. എട്ടുപുതിയ ബില്ലുകളാണ് സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. സിലക്റ്റ് കമ്മിറ്റി അംഗീകരിച്ച ആദായനികുതി ബില്ലും ഈ സമ്മേളനത്തില്‍ പാസാക്കാന്‍ ശ്രമിക്കും.

ENGLISH SUMMARY:

PM Modi declared 'Operation Sindoor' a 100% success in Parliament, highlighting India's response to the Pahalgham attack and exposing Pakistan's terror hubs. He praised bipartisan unity, claiming India pulled 25 crore people out of poverty, reduced inflation, and made strides in development.