വെള്ളവും വൈദ്യുതിയും അടിസ്ഥാന ആവശ്യങ്ങളാണ്. ഇതുരണ്ടുമില്ലാതെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട് ഡല്‍ഹി വസന്ത് കുഞ്ജിലെ ജയ്ഹിന്ദ് ക്യാംപില്‍. ബംഗാളില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികളാണ് ഏറെയും. ദുര്‍ഗന്ധം വമിക്കുന്ന ചേരിയില്‍ താമസിക്കുന്ന ഇവര്‍ക്ക് കോടതിവിധിയുടെ പേരില്‍ വൈദ്യുതികൂടി നിഷേധിച്ചിരിക്കുകയാണ് അധികൃതര്‍. രണ്ടായിരത്തിലേറെ വരുന്ന ആ മനുഷ്യരുടെ ദുരിത ജീവിതം കാണാം
1990 കളില്‍ ബംഗാളില്‍ നിന്ന് തൊഴിലന്വേഷിച്ചുവന്ന് താമസംതുടങ്ങിയവരാണ് ഇവര്‍. പതിയെ പതിയെ കുടുംബവും കുട്ടികളുമായി, ഇന്ന് രണ്ടായിരത്തിലധികം പേരുണ്ട്. വീടെന്ന് പറയാനാവില്ല, തുണികൊണ്ട് മറച്ചതും തകര ഷീറ്റിട്ടതുമായ
ചെറിയ കിടപ്പാടമാണ്. കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായാണ് വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ വിഛേദിച്ചത്. എല്ലാവരും ജോലിക്കുപോയ സമയത്തായിരുന്നു നടപടി. കാരണം പറഞ്ഞില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. അതിന് മീറ്ററടക്കം എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു.
വൈദ്യുതിക്കൊപ്പം ടാങ്കറില്‍ എത്തിച്ചിരുന്ന വെള്ളത്തിന്‍റെ അളവും വെട്ടിക്കുറച്ചു. മുന്‍പ് ദിവസം 10 ടാങ്കര്‍ കൊണ്ടുവന്നിരുന്നത് ഇപ്പോള്‍ മൂന്നായി. നവജാത ശിശുക്കള്‍ മുതല്‍ ഗര്‍ഭിണികളും പ്രായമായവരും ഉണ്ട് കോളനികളില്‍. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. എവിടേക്കുപോകുമെന്നാണ് ഇവരുടെ ആശങ്ക.
പ്രശ്നത്തില്‍ ഇടപെട്ട ബംഗാള്‍ മുഖ്യമന്ത്രി ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. എന്നാല്‍ വൈദ്യുതി മോഷണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കണക്ഷന്‍ വിഛേദിച്ചതെന്ന് അധികൃതര്‍ പറയുന്നു. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന സംശയത്തില്‍ കോളനി ഒഴിപ്പിക്കാനുള്ള ശ്രമമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.