gujarat-high-court

TOPICS COVERED

ശുചിമുറിയിലിരുന്ന് കോടതി നടപടികളില്‍ പങ്കെടുത്ത സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതി. കഴിഞ്ഞമാസമാണ് ടോയ്‌ലറ്റ് സീറ്റിൽ യുവാവ് വെര്‍ച്വല്‍ കോടതിയില്‍ ഹാജരായത്. കോടതിയലക്ഷ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. ജസ്റ്റിസുമാരായ എഎസ് സുപെഹിയ, ആർ ടി വച്ചാനി അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി.

ജൂണ്‍ 20 തിന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയിലാണ് സംഭവം. 74 മിനുറ്റ് കോടതി നടപടികളില്‍ ഇയാള്‍ ശുചിമുറിയില്‍ ഇരിക്കുന്നത് ലൈവ് സ്ട്രീമിങ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ടോയ്‌ലറ്റ് സീറ്റിലിരുന്ന് കാര്യം സാധിച്ച ശേഷം ഫോണുമായി ഇയാള്‍ പോകുന്നത് വിഡിയോയിലുണ്ട്. സമീപത്തെ സ്ക്രീനില്‍ ജസ്റ്റിസ് സിര്‍സാര്‍ ദേശായി കേസ് പരിഗണിക്കുന്നതും കാണാം. വയര്‍ലെസ് ഇയര്‍ഫോണ്‍ ഉപയോഗിച്ച് പിന്നീട് ഇയാള്‍ ഒരു മുറിയിലിരുന്ന് ലൈവ് സ്ട്രീമിങില്‍ തന്‍റെ ഊഴം കാത്തിരിക്കുന്നതും കാണാം. 

സൂറത്തില്‍ നിന്നുള്ള സമദ് അബ്ദുള്‍ റഹ്മാന്‍ ഷാ എന്നയാളാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. രണ്ടു പേര്‍ക്കെതിരെ സമദ് നല്‍കിയ പരാതിയുടെ വാദത്തിനായാണ് ഇയാള്‍ വെര്‍ച്വല്‍ കോടതിയിലെത്തിയത്. ഈ കേസ് ഒത്തുതീര്‍പ്പായതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനിടെയാണ് സംഭവങ്ങള്‍ നടന്നത്. തിങ്കളാഴ്ച കോടതിയില്‍ നേരിട്ടെത്തിയ സമദ് നിരുപാധികം മാപ്പ് പറയുമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ ജൂലായ് 22 ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് കോടതി രജിസ്ട്രിക്ക് മുന്‍പാകെ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. 

കോടതിയിൽ ഉചിതമായി പെരുമാറ്റത്തെക്കുറിച്ച് വാദിയെ ഉപദേശിച്ചിട്ടുണ്ടോയെന്നും കോടതി അദ്ദേഹത്തിന്‍റെ അഭിഭാഷകനോട് ചോദിച്ചു. ഉചിതമായ രീതിയിൽ ഹാജരാകാൻ ഇയാൾക്ക് നിർദ്ദേശം നൽകിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ടോയ്‌ലറ്റ് സീറ്റിൽ വിശ്രമിക്കുന്നതിനിടെ വിഡിയോ ൈവറലായതിന് പിന്നാലെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കോവിഡ് മുതല്‍ ഗുജറാത്ത് ഹൈക്കോടതി വെര്‍ച്വല്‍ വിചാരണയിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോടതിയുടെ യൂട്യൂബ് ചാനൽ വഴി നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

The Gujarat High Court initiated contempt proceedings and fined a man ₹1 lakh for attending a virtual hearing from a toilet seat, clearly visible in the live stream. Samad Abdul Rahman Shah was identified after the video went viral, prompting the court to take suo motu action.