ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. പകരം അശോക് ഗജപതി രാജുവിനെ ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചു. ശ്രീധരൻപിള്ളയ്ക്ക് പുതിയ ചുമതലകളൊന്നും ഇതുവരെ നൽകിയിട്ടില്ല. ഹരിയാനയിലും ലഡാക്കിലും പുതിയ ഗവർണർമാരെ നിയമിച്ചു. അശ്വിൻ കുമാറാണ് പുതിയ ഹരിയാന ഗവർണർ. കവിന്ദർ ഗുപ്തയെ ലഡാക്ക് ഗവർണറായും നിയമിച്ചിട്ടുണ്ട്.
2021-ലാണ് പി.എസ്. ശ്രീധരൻപിള്ള ഗോവ ഗവർണറായി ചുമതലയേറ്റത്. നിലവിൽ പുതിയ ചുമതലകളൊന്നും നൽകാത്ത സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവാകുമോ ഈ മാറ്റം എന്ന ചർച്ചകൾ സജീവമാണ്.
മുൻപ് കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനത്തുനിന്ന് തിരികെ വന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സമാനമായി, ശ്രീധരൻപിള്ളയ്ക്കും അത്തരമൊരു നിയോഗമാണ് പാർട്ടി നൽകുന്നതെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഈ നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു. മുമ്പ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള വ്യക്തികൂടിയാണ് ശ്രീധരൻപിള്ള. അതിനാൽ, സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തിന് അവസരം നൽകുകയാണോ എന്നുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.