train-fire

തമിഴ്നാട് തിരുവള്ളൂരില്‍ ചരക്കു ട്രെയിനിലെ തീപിടിത്തം അട്ടിമറിയെന്ന് സംശയം. അപകടമുണ്ടായതിന് 100മീറ്റര്‍ അകലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ട്രെയിന്‍ പാളംതെറ്റിയശേഷമായിരുന്നു തീപിടിത്തം.  ചെന്നൈ നിന്ന് ആന്ധ്രയിലേക്ക് ഡീസല്‍ കൊണ്ടുപോകുകയായിരുന്ന ട്രെയിനാണ് തീപിടിച്ചത്. അപകടത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി.

ഇന്ന് രാവിലെ 5.30 യോടെ തിരുവള്ളൂര്‍ പെരിയക്കുപ്പത്താണ് അപകടമുണ്ടായത്.  27,000 ലീറ്റര്‍ ഡീസലാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ചരക്ക് ട്രെയിന്‍ പാളം തെറ്റുകയും തുടര്‍ന്ന് ഡീസല്‍ ചോരുകയും തീപിടിത്തം ഉണ്ടാകുകയുമായിരുന്നു എന്നാണ് സൂചന. പത്ത് അഗ്നിരക്ഷാ സേന യൂണിറ്റുകളും രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളും തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. അപകടമുണ്ടായ സ്ഥലത്തിന് രണ്ട് കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കറുത്ത പുക പ്രദേശമാകെ വ്യാപിച്ചു. സംഭവത്തില്‍ അട്ടമറി ശ്രമമുണ്ടോ എന്നതും പരിശോധിക്കുന്നു. 

അപകടമുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയായി പാളത്തില്‍ ചെറിയ വിള്ളല്‍ കണ്ടെത്തി. ഇത് ഇത് അപകടത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നുണ്ട്. അപകടം ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. . തിരുവള്ളൂര്‍ വഴി പോകുന്ന 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ – ഷാലിമാര്‍ സൂപ്പര്‍  ഫാസ്റ്റ് എക്സ്പ്രപസ് അടക്കമുള്ള 11 ഓളം ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. പല ട്രെയിനുകളും ഭാഗിമായി റദ്ദാക്കി. യാത്രക്കാര്‍ക്കായി റിയല്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ സജ്ജികരിച്ചു. ചെന്നൈ– അറക്കോണം റൂട്ടില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം താല്ക്കാലികമായി നിര്‍ത്തിവച്ചു.  അപകടത്തില്‍  റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Massive Fire Erupts On Goods Train Carrying Diesel In Tamil Nadu