ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കേരള ടൂറിസം വകുപ്പ് ആതിഥ്യമരുളിയത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബി.ജെ.പി. കേരളം തീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുഹമ്മദ് റിയാസിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ഷെഹ്സാദ് പൂനെവാല ആവശ്യപ്പെട്ടു.
ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പ് അതിഥിയായി കൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും അത്ഭുതമില്ലെന്ന് പ്രകാശ് ജാവഡേക്കര്‍. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന സംസ്ഥാനമാണ് കേരളം. പാക്കിസ്ഥാന്‍ ക്ഷണിച്ചയാളെ തന്നെ കേരളവും അതിഥിയായി കൊണ്ടുവന്നത് യാദൃശ്ചികമല്ല. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യത്തില്‍ വിശദീകരിക്കേണ്ടതെന്നും പ്രകാശ് ജാവഡേക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ചാരവൃത്തി നടത്തുന്നവരെ ചുവപ്പുപരവതാനിയിട്ട് വരവേല്‍ക്കുന്ന ഇടതുസര്‍ക്കാരിന് ഭാരതാംബയുടെ ചിത്രം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ഷഹ്സാദ് പൂനെവാല കുറ്റപ്പെടുത്തി. ചാരക്കേസില്‍ അറസ്റ്റിലാവും മുന്‍പാണ് ജ്യോതി മല്‍ഹോത്രയെ കേരളം ക്ഷണിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചെങ്കിലും വിവാദം കത്തിക്കുകയാണ് ബി.ജെ.പി.