കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 9:31-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6E 648 നമ്പർ വിമാനത്തിൽ 157 യാത്രക്കാരുണ്ടായിരുന്നു.
വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് നാഗ്പൂരിൽ ലാൻഡിങ് നടന്നതെന്ന് യാത്രക്കാരനായ ജോസ് പോൾ മനോരമ ന്യൂസിനോട് പറഞ്ഞു. നിലവിൽ യാത്രക്കാരെല്ലാം വിമാനത്താവള ടെർമിനലിലാണുള്ളത്. സുരക്ഷാപ്രശ്നമെന്നാണ് വിമാനത്തിലെ ജീവനക്കാർ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.