ഇറാൻ വ്യോമപാത അടച്ചതോടെ രാജ്യാന്തര വിമാന സർവീസുകൾ വൈകുന്നു. ഡൽഹി, മുംബൈ എയർപോർട്ടുകളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാനങ്ങളാണ് വൈകുന്നത്.
യാത്ര എപ്പോൾ തുടങ്ങുമെന്ന കൃത്യമായ വിവരം ലഭിക്കാതെ മണിക്കൂറുകളായി മുംബൈ, ഡൽഹി വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. 25 വിമാനങ്ങൾ റദ്ദാക്കുകയോ തിരികെയെത്തുകയോ ചെയ്തെന്ന് എയർ ഇന്ത്യ അറിയിച്ചു. ചിലത് ഷാർജ, ദുബായ്, റിയാദ് തുടങ്ങിയ ഗൾഫ് വിമാനത്താവളങ്ങൾ വഴി തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രയ്ക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണമെന്ന് ഇൻഡിഗോ യാത്രക്കാരോട് അഭ്യർഥിച്ചു.
ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇറാനു മുകളിലുള്ള വ്യോമാതിർത്തി താൽക്കാലികമായി അടച്ചത്.