അയോധ്യ രാമക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങളുടെ ഉയരത്തിന് നിയന്ത്രണം. സോണ്‍ – 1, സോണ്‍– 2 എന്ന രീതിയില്‍ രാമക്ഷേത്രപരിസരത്ത് രണ്ട് ഭാഗങ്ങള്‍ തിരിച്ചാണ് ഉയര നിയന്ത്രണം. സോണ്‍ ഒന്നിലെ കെട്ടിടങ്ങള്‍ക്ക് 7.5 മീറ്റര്‍ ഉയരവും സോണ്‍ രണ്ടിലെ കെട്ടിടങ്ങള്‍ക്ക് 15 മീറ്റര്‍ ഉയരവും മാത്രമേ പരമാവധി അനുവദിക്കൂ.
രാമക്ഷേത്രത്തിന്‍രെ പ്രൗഡിയും ക്ഷേത്രത്തിനനുസരിച്ച് പരിസര പ്രദേശങ്ങളുടെ സൗന്ദര്യാത്മകതയും കാത്തുസൂക്ഷിക്കുന്നതിനായി അയോധ്യ വികസന അതോറിറ്റി കെട്ടിടങ്ങള്‍ക്ക് ഉയര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയോധ്യ മാസ്റ്റര്‍ പ്ലാന്‍ 2031ന്‍റെ ഭാഗമാണ് പുതിയ നിയന്ത്രണം. മതപരമായ കെട്ടിടങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്രത്തിലും ക്ഷേത്രപരിസരത്തും മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രം ട്രസ്റ്റും അയോധ്യ ഭരണകൂടവും സംയുക്തമായാണ് തീരുമാനം കൈക്കൊണ്ടത്. തീര്‍ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ ക്ലോക്ക് റൂമുകളില്‍ തന്നെ സൂക്ഷിക്കണമെന്നും മറ്റ് ഭക്തര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും ക്ഷേത്രം ട്രസ്റ്റി അഭ്യര്‍ഥിച്ചു. ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ സഹകരിക്കണമെന്നും സര്‍ക്കുലറിലും വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ക്ഷേത്രത്തിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 14 അടി വീതിയുള്ള ചുറ്റുമതില്‍ നിര്‍മിക്കുമെന്നും ഇവിടെ 25,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ആറ് അമ്പലങ്ങള്‍ കൂടി നിര്‍മിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിരുന്നു.