ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് ഭര്‍ത്താവിനെ കാണാനായി ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. ഖുഷ്ബു രാജ്പുരോഹിത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബലോതര ജില്ലയിലെ അറബ ഗ്രാമത്തില്‍ നിന്നുളള ഖുഷ്ബുവും മന്‍ഫൂല്‍ സിംഗും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. ഭര്‍ത്താവ് ലണ്ടനില്‍ വിദ്യാര്‍ത്ഥിയാണ്. വിവാഹശേഷം ആദ്യമായി ഭർത്താവിനെ കാണാനായി പുറപ്പെട്ടതായിരുന്നു ഖുഷ്ബു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവൻ യാത്രക്കാരും മരിച്ചു.രമേശ് വിസ്വാഷ് കുമാർ എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് രമേശ് രക്ഷപ്പെട്ടത്.