മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ അപകടം പെരുകുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ 50,000 യാത്രക്കാരാണ് അപകടത്തിൽ മരിച്ചത്. സുരക്ഷയില്ലാത്ത യാത്രയാണ് അപകടത്തിന് കാരണം എന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം വാതിലിൽ നിന്നവരാണ് അപകടത്തിൽ മരിച്ചതെന്ന് ആർ പി എഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
ലോക്കൽ ട്രെയിനുകളിൽ വാതിലില്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാനകാരണമെന്നാണ് ഉയർന്ന പ്രധാന ആക്ഷേപം. യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് മറ്റൊരു അപകടകാരണമെന്ന് പറയുന്നു. പാളങ്ങൾ തമ്മിലുള്ള അകലക്കുറവും അപകടം വർദ്ധിപ്പിക്കുന്നു. അതിനിടെ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ റെയിൽവേ മന്ത്രാലയം സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മുംബറ റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽ മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഗുരുതരമായി പരുക്കേറ്റ 12 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.