പശുമാംസം വിറ്റെന്ന് ആരോപിച്ച് അന്‍പതോളം വരുന്ന ജനക്കൂട്ടം കടയുടമയെ മര്‍ദിച്ചതായി പരാതി. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസിനു സമീപത്തെ വിജയനഗറിലാണ് സംഭവം. ബുധനാഴ്ച രാത്രിയിലാണ് അന്‍പതോളം വരുന്ന സംഘം നേപ്പാളി സ്വദേശിയായ ചമന്‍ കുമാറിനെ ആക്രമിച്ചത്. 15വയസുകാരന്‍ നല്‍കിയ പൊലീസ് പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘം സ്ഥലത്തെത്തിയത്. പശുമാംസത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതുകേട്ടതിനെ തുടര്‍ന്നാണ് കുട്ടി പരാതി നല്‍കിയത്. പിറന്നാള്‍ പാര്‍ട്ടിക്കുവേണ്ടി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് പശുമാംസത്തെക്കുറിച്ച് അന്വേഷിച്ചതെന്നും 15കാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ചമന്‍കുമാര്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പശുമാംസം തൊട്ടടുത്ത ദിവസങ്ങളിലേക്കായി നല്‍കാമെന്ന് സമ്മതിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിറ്റേദിവസം വിദ്യാര്‍ഥി ചമന്‍ കുമാറില്‍ നിന്നും ഒരു കിലോ പശുമാംസം 400രൂപയ്ക്ക് വാങ്ങിച്ചതായി പരാതിക്കാരന്‍ പറയുന്നു. ഇതുകണ്ട പരാതിക്കാരനായ 15കാരന്‍ ഗോസംരക്ഷകരായ പ്രാദേശിക എന്‍ജിഒ സംഘത്തെ വിവരം അറിയിച്ചു. സംഘം കടയിലേക്ക് അതിക്രമിച്ചു കയറിയതോടെ സംഭവം വഷളായി. സംഘം ചമന്‍ കുമാറിനെ ആക്രമിക്കാനും മര്‍ദിക്കാനും ആരംഭിച്ചു. ഒരു ഘട്ടത്തില്‍ ഇയാളെ കൊലപ്പെടുത്തുമോയെന്ന് പോലും ഭയന്നതായി പരാതിക്കാരന്‍ പറയുന്നു.
കടയുടമയെ മര്‍ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കടയില്‍ നിന്നും പിടിച്ചുവലിച്ച് പുറത്തിടുന്നതും തൊഴിക്കുന്നതും തളളുന്നതുമുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. താന്‍ പശുമാംസം വിറ്റില്ലെന്നും പോത്തിറച്ചിയാണ് വിറ്റതെന്നും ഇയാള്‍ മര്‍ദനത്തിനിടെ കരഞ്ഞുപറയുന്നുണ്ട്. രാത്രി ഒമ്പതരയോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും കടയുടമയുടെ സംരക്ഷണത്തിനായി എസ്എഫ്ഐ പ്രവര്‍ത്തകരും മേഖലയില്‍ തടിച്ചുകൂടിയിരുന്നു.
കടയില്‍ നിന്നും മാംസം പിടിച്ചെടുത്തു ഫോറന്‍സിക് പരിശോധനയക്കയച്ചിട്ടുണ്ടെന്ന് ഡിസിപി ഭിഷം സിങ് പറഞ്ഞു. പലചരക്ക്, പച്ചക്കറികള്‍, ഫ്രൂട്ട്ബിയര്‍ എന്നിവയാണ് ചമന്‍ കുമാറിന്റെ കടയില്‍ വില്‍ക്കുന്നതെന്നും ഇയാള്‍ക്കെതിരെ പരാതികളൊന്നും നിലനില്‍ക്കുന്നില്ലെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. ബുരാരിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ചമന്‍ താമസിക്കുന്നത്.
കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ വാടകയ്ക്കു താമസിക്കുന്ന മേഖലയാണിത്. കേരളവിദ്യാര്‍ഥികള്‍ താമസിക്കുന്ന മേഖലകളില്‍ റെയ്ഡ് നടത്തണമെന്നും എന്‍ജിഒ സംഘം ആവശ്യപ്പെട്ടതായി എസ്എഫ്ഐ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എഫ്ഐആര്‍ ഇതുവരേയും റജിസ്റ്റര്‍ ചെയ്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പരിശോധനാഫലം വന്നിട്ട് മറ്റ് നിയമനടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറയുന്നു.