പാക് ചാരവൃത്തിക്കേസില്‍ അന്വേഷണം വിപുലപ്പെടുത്തി കേന്ദ്ര ഏജന്‍സികള്‍. ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്ര ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് വിവരം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 പേരാണ് ചാരവൃത്തിക്കേസില്‍ അറസ്റ്റിലായത്.
ഹരിയാന പൊലീസിന് പുറമെ, എന്‍ഐഎയും ഐബിയും മിലിറ്ററി ഇന്‍റലിജന്‍സുമാണ് ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയെ ചോദ്യംചെയ്തത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ ജ്യോതി പകര്‍ത്തിയിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിനോട് ഇവര്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. ജ്യോതിയുടെ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലദേശ്, ദുബായ് യാത്രകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തി.
വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി രണ്ടാഴ്ചയ്ക്കിടെ 14 പേരാണ് ചാരവൃത്തിക്കേസില്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയും ഹരിയാന പൊലീസ് കേസെടുത്തിരുന്നു.