boycott-turkish-products

ഇന്ത്യ–പാക്ക് സംഘർഷത്തിൽ പാക്കിസ്ഥാനൊപ്പം നിന്ന തുർക്കിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തുര്‍ക്കി ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങള്‍ തുടരുകയാണ്. ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ ടര്‍ക്കിഷ് അപ്പിളുകള്‍ ഉള്‍പ്പെടെയുള്ള പഴങ്ങളുടെയും ഡ്രൈ ഫ്രൂട്സിന്‍റെയും ഇറക്കുമതിയില്‍ വന്‍ ഇടിവുണ്ടായി. ടര്‍ക്കിഷ് ഉല്‍പന്നങ്ങള്‍ തിരഞ്ഞു നടക്കുന്ന സമൂഹമാധ്യമ വീരന്മാരുടെ കണ്ണില്‍ അധികംപെടാതെ നമ്മുടെയൊക്കെ വീടുകളില്‍ ഒളിച്ചിരിക്കുന്ന ഒരു ഉല്‍പന്നമുണ്ട് – ടര്‍ക്കി ടവലുകള്‍. എല്ലാവര്‍ക്കും ടര്‍ക്കി ടൗവലുകള്‍ പരിചിതമാണെങ്കിലും ഇവയുെട തുര്‍ക്കി ബന്ധം അധികമാര്‍ക്കും അറിയില്ല. ഇപ്പോള്‍ അത് ചികഞ്ഞുനടക്കുന്ന ചില വിരുതന്മാരുടെ ആഹ്വാനം, കുളി കഴിഞ്ഞയുടന്‍ ടര്‍ക്കി ടവല്‍ ഉപേക്ഷിക്കണമെന്നാണ്. ടര്‍ക്കി ടവല്‍ ബഹിഷ്കരിച്ചതായി പ്രഖ്യാപിച്ച ചിലര്‍ പറയുന്നത് തുര്‍ക്കി ബഹിഷ്കരണം വീട്ടില്‍നിന്ന് തുടങ്ങമെന്നാണ്.

ടര്‍ക്കി ടവല്‍ വന്ന വഴി: പതിനേഴാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍യിലെ ബര്‍സ നഗരത്തിലാണ് ടര്‍ക്കി ടവലുകളുടെ പിറവി എന്നാണ് ചരിത്രം. ടര്‍ക്കിഷ് കുളിമുറികളായ ഹമാമുകളില്‍ ഉപയോഗിച്ചിരുന്ന, ടർക്കിഷ് കോട്ടൺ ഉപയോഗിച്ച് കൈകൊണ്ട് നെയ്തെടുത്ത, പരന്ന ഭാരം കുറഞ്ഞ, വെള്ളം വേഗത്തില്‍ ആഗിരണം ചെയ്യുന്ന, വേഗം ഉണങ്ങുന്ന തുണികളാണ് പിന്നീട് ടര്‍ക്കി ടവലുകളായി മാറിയത്. ഒട്ടോമൻ സാമ്രാജ്യത്തിൽ ജനങ്ങള്‍ കുളികഴിഞ്ഞശേഷം ദേഹം മൂടാനും ഉണങ്ങാനും ഇവ  ഉപയോഗിച്ചിരുന്നു.

ആരെയും ആകര്‍ഷിക്കുന്ന രൂപകല്‍പനയും ഗുണങ്ങളും കാരണം തുര്‍ക്കി ജനതയുടെ പദവിയുടെയും ആഡംബരത്തിന്റെയും പ്രതീകങ്ങളായി ഈ ടവലുകള്‍ പെട്ടെന്ന് മാറി. തുര്‍ക്കിക്കാരുടെ സാംസ്കാരിക പാരമ്പര്യവും നെയ്ത്തുപാരമ്പര്യവും ടര്‍ക്കി ടവലുകളെ ലോകപ്രശസ്തമാക്കി. കൈകൊണ്ടുള്ള എംബ്രോയ്ഡറി ഡിസൈനുകള്‍ അവയെ കൂടുതല്‍ ജനകീയമാക്കി. യഥാര്‍ത്ഥ ടര്‍ക്കി ടവലുകള്‍ വലിപ്പത്തിലും വിലയിലും മുന്നിലാണ്.

ഇന്ത്യന്‍ നിര്‍മ്മിത ടര്‍ക്കി ടവലുകള്‍: ഇന്ത്യന്‍ വിപണിയില്‍ ടര്‍ക്കി ടൗവലുകള്‍ എന്ന പേരില്‍ ലഭിക്കുന്ന എല്ലാം തുര്‍ക്കിയില്‍നിന്നുള്ളതല്ല. യഥാർത്ഥ ടർക്കി ടവലുകൾ തുർക്കിയിൽ നിർമ്മിക്കുമ്പോൾ, സമാനമായവ ഇന്ത്യയിലും ഉണ്ടാക്കുന്നുണ്ട്. ഈറോഡ്, കരൂർ, തിരുപ്പൂർ തുടങ്ങിയ തെന്നിന്ത്യന്‍ നഗരങ്ങളിലാണ് ഉല്‍പാദന കേന്ദ്രങ്ങളില്‍ കൂടുതലും. 

ഇന്ത്യൻ നിർമ്മിത ടര്‍ക്കി  ടവലുകൾ പലതും യഥാർത്ഥ ടർക്കിഷ് ടവലുകളുടെ അതേ നെയ്ത്ത് സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ ടര്‍ക്കി ടവലുകള്‍ പരമ്പരാഗത രീതിയില്‍ നൂറുശതമാനം ടർക്കിഷ് കോട്ടൺ ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ കോട്ടണ്‍ ഉപയോഗിച്ചാണെന്നുമാത്രം. അതിനാലാണ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇവ വിപണിയിലെത്തുന്നതും.

ENGLISH SUMMARY:

Calls to boycott Turkish products on social media