ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല ഉടമ്പടി പുനഃസ്ഥാപിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. പാക്ക് അധീന കശ്മീരിൽനിന്ന് പാക്കിസ്ഥാൻ പിന്മാറണം. ഇന്ത്യാ–പാക്ക് വിഷയങ്ങളില്‍ മൂന്നാം കക്ഷിക്ക് ഇടമില്ലെന്നും വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ദ് റസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി.
സിന്ധു നദീജല ഉടമ്പടിയില്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായി പാക്ക് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല ഉടമ്പടി പുനഃസ്ഥാപിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇന്ത്യ–പാക് ഇടപാടുകളില്‍ മൂന്നാംകക്ഷിക്ക് സ്ഥാനമില്ലെന്നും വർഷങ്ങളായി നിലനിൽക്കുന്ന ദേശീയ സമവായമാണ് ഇതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇതിനിടെ പാക് ഭീകരസംഘടനയായ ടിആര്‍എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കി. ഇന്ത്യന്‍ സംഘം ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തി. യുഎന്‍ രക്ഷാസമിതിക്ക് കീഴിലുള്ള ഉപരോധ സമിതിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയെ ആക്രമിക്കാന്‍ കൂട്ടുനിന്ന തുര്‍ക്കിക്കും അസര്‍ബൈജാനുമെതിരായ പ്രതിഷേധം രാജ്യത്ത് ശക്തിപ്പെടുകയാണ്. ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുര്‍ക്കിയുടെ ഏതാനും സാങ്കേതിക പ്രവര്‍ത്തകര്‍ പാക്കിസ്ഥാനിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജെഎന്‍യുവിന് പിന്നാലെ തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ധാരണാപത്രങ്ങള്‍ റദ്ദാക്കുന്നതായി ഡല്‍ഹി ജാമിയ സര്‍വകലാശാലയും അറിയിച്ചു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ്. സിയാല്‍കോട്ട് സൈനികതാളത്തിലെത്തി യുദ്ധ ടാങ്കിന് മുകളിൽ കയറി സൈന്യത്തെ ഷരീഫ് അഭിസംബോധന ചെയ്തു.