pakistan-called-india-ceasefire-starts-from-5pm
  • ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം
  • തീരുമാനമായത് ഇരുരാജ്യങ്ങളുടെയും ഡിജിഎംഒതല ചര്‍ച്ചയില്‍
  • പാക് ഡിജിഎംഒ ഇന്ത്യയെ വിളിച്ചത് വൈകിട്ട് 3.35നെന്ന് വിക്രം മിശ്രി

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന സംഘർഷത്തിന് താൽക്കാലികമായി വിരാമമിട്ടുകൊണ്ട് വെടിനിർത്തൽ നിലവിൽ വന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിജിഎംഒ തലത്തിലുള്ള തുടർച്ചയായ ചർച്ചകൾ തിങ്കളാഴ്ച നടക്കും.

അതേസമയം, വെടിനിർത്തലുമായി ബന്ധപ്പെട്ട് യു.എസ്. നടത്തിയ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പരാമർശിച്ചിട്ടില്ല. 48 മണിക്കൂർ നീണ്ട ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരമുണ്ടായതെന്ന യു.എസ്. വാദത്തെക്കുറിച്ചും, പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തിയെന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദത്തെക്കുറിച്ചും ഇന്ത്യ പ്രതികരിച്ചിട്ടില്ല.

വെടിനിർത്തലിനായി ആദ്യമായി അഭ്യർത്ഥനയുമായി സമീപിച്ചത് പാക്കിസ്ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കി. പാക് ഡിജിഎംഒ വൈകുന്നേരം 3.35ന് ഇന്ത്യയെ വിളിച്ച് വെടിനിർത്തലിന് സന്നദ്ധത അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തലിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമായാണ് ഈ വെടിനിർത്തൽ ധാരണയെ വിലയിരുത്തുന്നത്.

ENGLISH SUMMARY:

India and Pakistan have agreed to a ceasefire, effective from 5 PM today, following a request initiated by Pakistan. According to Foreign Secretary Vikram Mishri, the ceasefire was decided during DGMO-level discussions. While the U.S. claims it facilitated the talks, India has not officially acknowledged American mediation.