സൈനികശക്തി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ പാക്കിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ്. വിദേശനിര്‍മിത ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം..
ഇന്ത്യയുടെ യുദ്ധവിമാനശേഖരത്തില്‍ ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഫ്രാന്‍സില്‍ നിര്‍മിച്ച റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ . 15.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവും ഉള്ള റഫാല്‍ വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 1910 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിച്ച സുഖോയ് 30 എംകെഐ വിമാനത്തിന് മണിക്കൂറില്‍ 2500 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാനാകും. അതിവേഗം ശത്രുപാളയത്തില്‍ കടന്ന് കനത്ത ആക്രമണം നടത്താന്‍ സുഖോയ് വിമാനങ്ങള്‍ക്ക് കഴിയും. ഫ്രഞ്ച് നിര്‍മിത മിറാഷ് 2000 വിമാനത്തിന് മണിക്കൂറില്‍ 2,336 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും.
ശത്രുരാജ്യങ്ങളുടെ വിമാനങ്ങളുമായി ആകാശയുദ്ധത്തിന് ഉപയോഗിക്കപ്പെടുന്ന 40 മിറാഷ് വിമാനങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. ബ്രിട്ടീഷ് നിര്‍മിത ജാഗ്വര്‍ വിമാനങ്ങള്‍ക്ക് റഡാറുകളെ വെട്ടിച്ച് താഴ്ന്നു പറന്ന് ബോംബിടാനാകും. 1699 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന 90 ജാഗ്വര്‍ വിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. റഷ്യന്‍ നിര്‍മിത മിഗ് 29 വിമാനങ്ങള്‍ക്ക് ടാങ്ക് വ്യൂഹങ്ങളേയും പീരങ്കിപ്പടയേയും ആകാശത്തുനിന്ന് ആക്രമിക്കാനാകും.
മണിക്കൂറില്‍ 2390 കിലോമീറ്റര്‍ വരെയാണ് മിഗ് 29 വിമാനങ്ങളുടെ വേഗം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങളാണ് യുദ്ധവിമാനങ്ങളുടെ കൂട്ടത്തിലെ മറ്റൊരു കരുത്ത്. കരയിലേക്കോ, കടലിലേക്കോ, ആകാശത്തേക്കോ തൊടുക്കാവുന്ന മിസൈലുകള്‍, റോക്കറ്റുകള്‍, ലേസര്‍ അധിഷ്ഠിത ബോംബുകള്‍ തുടങ്ങിയവ വഹിക്കാന്‍ തേജസ് വിമാനങ്ങള്‍ക്ക് കഴിയും. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സാണ് മണിക്കൂറില്‍ 2200 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പായാന്‍ കഴിയുന്ന തേജസ് വിമാനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.