ചിത്രം; പിടിഐ
പഹല്‍ഗാം ആക്രമണത്തിനു ഇന്ത്യ മറുപടി നല്‍കിക്കഴിഞ്ഞു. പാക്കിസ്ഥാനിലേയും പാക്ക് അധിനിവേശ കശ്മീരിലേയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ചുട്ടെരിച്ചു. ഒരാക്രമണത്തിനു പ്രത്യാക്രമണം നടത്തുകയെന്നതു മാത്രമായിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം, കൃത്യമായി പതിനാലുദിവസം ആസൂത്രണം നടത്തി ഭീകരകേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കുകയാണ് ഇന്ത്യ ചെയ്തത്. ആക്രമണം നടത്തിയ കേന്ദ്രങ്ങളില്‍ ഇന്ത്യ ലക്ഷ്യം വച്ച് തീര്‍ത്ത പ്രധാന ഭീകരതാവളമാണ് ‘മുരിദ്കെ മര്‍കസ്’. ഇന്ത്യയെ ഉന്നമിട്ട ഭീകരരുടെ പ്രിയഇടം കൂടിയാണ് മുരിദ്കെ മര്‍കസ്.
പത്തുമില്യണ്‍ ഫണ്ട് നല്‍കി 2000ത്തില്‍ ഒസാമ ബിന്‍ ലാദനാണ് മുരിദ്കെ മര്‍കസിനു അടിത്തറ പാകിയത്, കെട്ടിടത്തിനു മാത്രമായിരുന്നില്ല ഭീകരവാദത്തിനു കൂടിയായിരുന്നു ആ ഫണ്ട് റൈസിങ്. ഹാഫിസ് സയിദിന്‍റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണമേകിയ ചുമര്‍ക്കെട്ടുകളാണ് ഇന്ത്യ ഇന്നു തകര്‍ത്തെറിഞ്ഞത്. 2008ല്‍ ഇന്ത്യയെ വിറപ്പിച്ച മുംബൈ ആക്രമണത്തിനു പിന്നിലെ പ്രധാന ഭീകരന്‍ അജ്മല്‍ കസബിന് തീവ്രവാദത്തിന്‍റെ പാഠങ്ങള്‍ പറഞ്ഞു പഠിപ്പിച്ചതും ഇതേ പാഠശാലയ്ക്കുള്ളില്‍വച്ചായിരുന്നു.
ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്ന മുരിദ്കെ മര്‍കസിനെക്കുറിച്ചുള്ള കൃത്യമായ അറിവ് ഇന്ത്യന്‍ ആര്‍മിക്കുണ്ടായിരുന്നു. ഏതെല്ലാം കേന്ദ്രങ്ങളിലാണ് ഭീകരതാവളങ്ങള്‍ എന്നതും ഇന്ത്യക്ക് ബോധ്യമുണ്ടായിരുന്നു. മുരിദ്കെ മര്‍കസ് ഉള്‍പ്പെടെ ലക്ഷ്യംവച്ചത് കൃത്യമായി ഉന്നമിട്ടും, ലക്ഷ്യം ക്രോഡീകരിച്ചുമാണ്. ‘നീതി നടപ്പാക്കപ്പെട്ടു’ എന്നാണ് ആക്രമണത്തിനു ശേഷം ഇന്ത്യന്‍ ആര്‍മി എക്സില്‍ കുറിച്ചത്.
ചിത്രം; എഎഫ്‌പി
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മസ്ജിദ് വാ മര്‍കസ് തയിബ, ലഷ്കര്‍ ഇ തയിബയുടെ ആശയങ്ങളും പ്രബോധനങ്ങളും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്രമാണ്. പാക്കിസ്ഥാന്‍റെ ‘ടെറര്‍ നഴ്സറി’ എന്നറിയപ്പെടുന്ന 82ഏക്കര്‍ വരുന്ന കോംപ്ലക്സ്. റിക്രൂട്ട്മെന്റ്, ആയുധപരിശീലനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,മദ്രസകള്‍, റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ ഈ കേന്ദ്രത്തിലുണ്ട്. വിദേശത്തുനിന്നും ആ പ്രദേശത്തുനിന്നുള്‍പ്പെടെ ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ഥികള്‍ വര്‍ഷംതോറും മുരിദ്കെയില്‍ എത്തിച്ചേരുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പുരുഷന്‍മാരുടെ റിക്രൂട്ട്മെന്റിനായി സുഫ അക്കാദമിയും സ്ത്രീകള്‍ക്കായി മറ്റൊരു സംഘടനയും മുരിദ്കെയിലുണ്ട്. ഐഎസ്ഐയുടെ നേതൃത്വത്തില്‍ അജ്മല്‍ കസബിനു പരിശീലനം ലഭിച്ചതും ഈ കേന്ദ്രത്തില്‍വച്ചാണ്. മുരിദ്കെ ലക്ഷ്യം വച്ചതിലൂടെ ഭീകരരുടെ അടിസ്ഥാന താവളം നശിപ്പിക്കുക എന്നതുമാത്രമല്ല ഇന്ത്യ ലക്ഷ്യംവച്ചത് മറിച്ച് ആഗോള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തിനെതിരായ പ്രതീകാത്മക പ്രതിരോധം കൂടിയാണ് നടത്തിയത്. ഭീകരസംഘടനകള്‍ക്കെതിരെ വ്യക്തമായും ശക്തമായും സന്ദേശം നല്‍കുക കൂടിയാണ് ഇന്ത്യ ചെയ്തത്.