ജമ്മുകശ്മരിൽ നിന്നും സ്വദേശത്തേക്കുള്ള സ്ഥലംമാറ്റം ആഘോഷമാക്കാനുള്ള പഹൽഗാം യാത്ര, വ്യോമസേന കോർപ്പറൽ തേജ് ഹെയ്ലാങിന്റെ ജീവിതത്തിലെ അന്ത്യയാത്രയായി. ഭാര്യയെ ചേർത്തുപിടിച്ചു നിൽക്കെയാണ് ഹെയ്‌ലാങ് ഭീകരരുടെ വെടിയേറ്റ് വീണത്.
കഴിഞ്ഞ ഡിസംബറിലെ തണുപ്പിൽ അസ്സം തജാങ് ഗ്രാമത്തിൽ നടന്ന വ്യോമസേന കോർപ്പറൽ തേജ് ഹെയ്ലാങിന്റെ വിവാഹം ഒരു ഉത്സവം തന്നെയായിരുന്നു. തൊട്ട് പിന്നാലെ ഭാര്യ ആഗ്രഹിച്ചത് പോലെ അഞ്ച് വർഷത്തെ ജമ്മുകശ്മീരില സേവനത്തിന് ശേഷം സ്വദേശത്തേക്ക് മാറ്റവും കിട്ടി. ദിബ്രുഗഡിലേക്കുള്ള മടക്കം ആഘോഷമാകാമെന്നു കരുതിയാണ് ഭാര്യയെയും കൂട്ടി പെഹൽഗാമിലെത്തിയത്.
കാഴ്ചകൾ ഒക്കെ കണ്ട് മടങ്ങുമ്പോഴാണ് ഭീകരർ തടഞ്ഞത്. ഭാര്യയെ ചേര്‍ത്ത് പിടിച്ചു നിന്ന ഹെയ്‌ലാങിന്റെ തലയിലൂടെ വെടിയുണ്ട തുളച്ചുകയറി. പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സര്‍പ്രൈസ് നല്‍കാന്‍ കാത്തിരുന്ന ഉറ്റവർക്കരികിലേക്ക് ഹെയ്‌ലാങ് എത്തിയത് നിശ്ചലമായി. തജാങിലേക്ക് ഹെയ്‌ലാങിന്‍റെ മൃതദേഹം എത്തിച്ചപ്പോൾ മരവിച്ചിരിക്കുകയായിരുന്നു ഗ്രാമം. യാത്രാമൊഴി ചെല്ലാന് അവര്‍ക്ക് വാക്കുകള്‍ ഇല്ലായിരുന്നു.