ജോലി ആവശ്യത്തിനായി നടത്തിയ ചാറ്റിനിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. നോയിഡയിലെ ഒരു കമ്പനിയില്‍ പേഴ്സണല്‍ അസിസ്റ്റന്‍റ് ജോലിക്കായി റിക്രൂട്ടറുായി നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് യുവതി റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്.
ശമ്പളത്തെ പറ്റിയുള്ള വിവരങ്ങള്‍ യുവതി അന്വേഷിച്ചപ്പോള്‍ 'ബുദ്ധിമുട്ടില്ലെങ്കില്‍ ഫുള്‍ പിക് അയക്കുമോ' എന്നാണ് റിക്രൂട്ടര്‍ ചോദിച്ചത്. 'ബുദ്ധിമുട്ടാണെന്ന്' പറഞ്ഞ യുവതി 'ഓഫര്‍ ലെറ്റര്‍ അയച്ചതിനുശേഷം പാസ്പോര്‍ട്ട് സൈസ് ഫോട്ടോയോ മറ്റ് വിവരങ്ങളോ അയക്കാമെ'ന്നാണ് പറഞ്ഞത്. പിന്നാലെ 'ഇന്‍സ്റ്റ പ്രൊഫൈല്‍ അയക്കാമോ' എന്നായി അടുത്ത ചോദ്യം. തന്‍റെ ഇന്‍സ്റ്റ പ്രൊഫൈല്‍ സ്വകാര്യമായ ഒന്നാണെന്നും എന്തിനാണ് ഇതൊക്കെ ചോദിക്കുന്നതെന്നും യുവതി ചോദിച്ചു. ഒരു ഇന്‍റര്‍വ്യു നടത്തുകയാണെങ്കില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാമെന്നും യുവതി പറഞ്ഞു.
'നോയിഡയിലെ ഒരു പേഴ്സണല്‍ അസിസ്റ്റന്‍റ് ജോലിക്കായി ഞാന്‍ അപേക്ഷിച്ചിരുന്നു. നല്ല ശമ്പളം, പക്ഷേ ആ റിക്രൂട്ടര്‍ അത്യന്തം അസഹ്യമായ രീതിയിലാണ് പെരുമാറുന്നത്. ഇത് മാന്യമായ പെരുമാറ്റമല്ല. ഈ സംഭാഷണത്തിന് മുമ്പ് ഞാൻ വിവാഹിതയാണോ എന്ന് പോലും ചോദിച്ചു. ഇത് വളരെയധികം നിരാശാജനകമാണ്' ചാറ്റ് പങ്കുവച്ചുകൊണ്ട് യുവതി കുറിച്ചു.
യുവതിയുടെ സ്ക്രീന്‍ ഷോര്‍ട്ട് അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കമ്പനിക്കെതിരെയും റിക്രൂട്ടറിന്‍റെ മോശം പെരുമാറ്റത്തിനെതിരെയും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. അയാള്‍ മുമ്പും ഇതുപോലെ ചെയ്തിട്ടുണ്ടാവാമെന്ന് ചിലര്‍ കമന്‍റ് ചെയ്തു.