മിക്കവരുടെയും ഫസ്റ്റ് എയ്ഡ് കിറ്റില്‍ കാണുന്ന ഒന്നാണ് പാരസെറ്റമോള്‍, ഡോളോ തുടങ്ങിയവ. തലവേദന, ശരീരവേദന, പനി, ജലദോഷം തുടങ്ങി പല രോഗങ്ങള്‍ക്കും പരിഹാരമായാണ് ആളുകള്‍ ഈ ഗുളികകളെ കാണുന്നത്. പതിയെ പതിയെ ഇവ ഒരു ആസക്തിയായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവ ഇഷ്ടാനുസരണം കഴിക്കുന്നത് സുരക്ഷിതമല്ല. മാത്രമല്ല ഇത്തരം ഗുളികകളുടെ അമിതമായ ഉപയോഗം കരള്‍ രോഗം പോലുള്ള മറ്റ് അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജംസ് പോലെയാണെന്ന ഡോക്ടര്‍ പളനിയപ്പന്‍ മാണിക്കത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പാരസെറ്റമോളിന്റെ മറ്റൊരു ബ്രാന്റാണ് ഇത്. വേദനകള്‍ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ പുറത്തുവിടുന്നത് തടഞ്ഞും പനി വരുമ്പോൾ ശരീര താപനില കുറച്ചുമാണ് ഡോളോ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാ മരുന്നുകളിലേയും പോലെ മുന്നറിയിപ്പുകള്‍ ഇതിലും നല്‍കിയിട്ടുണ്ട്.
എന്നാല്‍ അവയെല്ലാം നമ്മള്‍ അവഗണിക്കുകയും ഡോക്ടറോട് പോലും ചോദിക്കാതെ ഇത്തരം മരുന്നുകള്‍ കഴിക്കുകയും ചെയ്യുന്നു. വിറ്റാമിൻ, മിനറൽ സപ്ലിമെന്റ് കഴിക്കുന്നത് പോലെയാണ് ഇവ കഴിച്ചുകൊണ്ടിരിക്കുന്നത്. എളുപ്പത്തില്‍ ലഭ്യമായതിനാല്‍ തന്നെ ഡോസിനെ കുറിച്ചു പോലും ചിന്തിക്കുന്നില്ല. എന്നാല്‍ അമിത ഉപയോഗം കരള്‍ വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും ചെയ്യും.
ഡോക്ടർ നിർദേശിക്കുന്നതുപോലെ ഇത് കഴിക്കുകയാണെങ്കിൽ മരുന്ന് തികച്ചും സുരക്ഷിതമാണ്, സ്വയം മരുന്ന് കഴിക്കുകയോ ഫാർമസിസ്റ്റിന്റെ വാക്കുകൾ മാത്രം വിശ്വസിക്കുകയോ ചെയ്യരുത്, എന്നാല്‍ ഇവ രണ്ടും ഇന്ത്യയില്‍ വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് 500 മില്ലിഗ്രാം, 650 മില്ലിഗ്രാം ഗുളികകളായും 1000 മില്ലിഗ്രാം ഇൻജക്ഷനായും ലഭ്യമാണ്. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ഒരു ദിവസം കഴിക്കാവുന്ന പരമാവധി ഡോസ് ഒന്നുമുതല്‍ രണ്ട് ഗ്രാം വരെയാണ്. പാരസെറ്റമോള്‍ അടങ്ങിയ മറ്റ് മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ പാരസെറ്റമോള്‍ ഒഴിവാക്കണം അല്ലാത്തപക്ഷം ഓവര്‍ഡോസാകാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും പ്രധാനമായി, ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഡോക്ടർ നിർദേശിച്ച പ്രകാരം മാത്രമേ പാരസെറ്റമോൾ കഴിക്കാവൂ. പാരസെറ്റമോളിന്റെ അമിത അളവ് കരളിനെ സാരമായി ബാധിക്കുകയും അത് കരള്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
സാധാരണയിൽ കൂടുതൽ അളവിൽ മരുന്ന് കഴിക്കുന്ന ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഉപയോക്താക്കളിൽ, കരളിന് നിർവീര്യമാക്കാൻ കഴിയാത്ത വിഷവസ്തുക്കൾ എത്തുന്നു. തുടര്‍ന്ന് വൃക്കകളുടെ ഫിൽട്ടറിംഗ് ശേഷിയെ തകരാറിലാക്കുകയും ചെയ്യുന്നു. 2021 ൽ ഇംഗ്ലണ്ടിലും വെയിൽസിലും പാരസെറ്റമോളിന്റെ അമിത ഉപയോഗം മൂലം 227 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2022 ലാകട്ടെ 261 പേരാണ് മരിച്ചത്.