modi-unus

മാര്‍ച്ച് അവസാനം ബംഗ്ലാദേശ് ഭരണാധികാരി മുഹമ്മദ് യൂനുസ് ചൈന സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ച് അദ്ദേഹം ഒരു പ്രസ്താവന നടത്തി. ‘ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കടലിലേക്ക് വഴിയില്ലാത്ത കരയാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. അവര്‍ക്ക് കടലിലേക്ക് ഒരു മാര്‍ഗവുമില്ല. ഞങ്ങള്‍, ബംഗ്ലാദേശ് മാത്രമാണ് ഈ മേഖലയിലെ സമുദ്രത്തിന്‍റെ ഏകസംരക്ഷകര്‍. ചൈനയ്ക്ക് ഇത് വലിയ അവസരമാണ്. ബംഗ്ലാദേശിലേക്ക് ചൈനയെ സ്വാഗതം ചെയ്യുന്നു.’ ഇതായിരുന്നു മുഹമ്മദ് യൂനുസിന്‍റെ വാക്കുകള്‍. 

ബംഗ്ലാദേശിലേക്ക് ചൈനയെ നിക്ഷേപം നടത്താന്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ല. ബംഗ്ലാദേശിന്‍റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിവച്ച് അത് ന്യായവുമാണ്. പക്ഷേ അതില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിക്കേണ്ട കാര്യമെന്ത്? പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം സഞ്ജീവ് സന്യാലാണ് ഈ ചോദ്യം ഉയര്‍ത്തിയത്. അതുതന്നെയായിരുന്നു മുഹമ്മദ് യൂനുസിന്‍റെ ഉദ്ദേശ്യം. ഇന്ത്യയുടെ ഒരുപ്രദേശം ‘ലാന്‍ഡ് ലോക്ഡ്’ ആണ്, അതുകൊണ്ട് ചൈന ബംഗ്ലാദേശിലേക്ക് വരൂ എന്ന് പറയുന്നതിനെ വാക്കുകളുടെ അര്‍ഥം കൊണ്ട് മാത്രം വായിച്ചാല്‍ ഇന്ത്യന്‍ മണ്ണുവഴി ബംഗ്ലാദേശിലേക്ക് വരൂ എന്ന് വ്യാഖ്യാനിക്കാം. യൂനുസ് തോണ്ടാന്‍ ശ്രമിച്ചത് ‘ചിക്കന്‍ നെക്കി’ന്‍റെ കാര്യത്തില്‍ കാലാകാലങ്ങളായി ഇന്ത്യയ്ക്ക് ആശങ്കയിലാണ്. 

എന്താണീ ചിക്കന്‍ നെക്ക്? എന്തായാലും കോഴിക്കഴുത്തല്ല. കോഴിക്കഴുത്തുപോലെ നീണ്ടുവള​ഞ്ഞ് നേര്‍ത്ത ഒരു ഭൂപ്രദേശം. ബംഗാളിലെ സിലിഗുഡിയാണ് കേന്ദ്രം. അതുവഴി മാത്രമേ കരമാര്‍ഗം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയൂ. ബംഗാളിലെ കിഷന്‍ഗഞ്ച് മുതല്‍ സിലിഗുഡി, ജല്‍പായ്ഗുഡി, കൂച്ച്ബെഹാര്‍ വഴി അസം അതിര്‍ത്തി പിന്നിടും വരെ നീളുന്ന ഇടുങ്ങിയ പ്രദേശം. ചിലയിടങ്ങളില്‍ 22 കിലോമീറ്റര്‍ മാത്രമാണ് വീതി. ഇതിനോടുചേര്‍ന്ന് സിക്കിമും ഡാര്‍ജീലിങ്ങും കൂടിയാകുമ്പോള്‍ ചിക്കന്‍ നെക്ക് പൂര്‍ണമാകുന്നു. പടിഞ്ഞാറ് നേപ്പാള്‍, വടക്ക് സിക്കിമിനപ്പുറം ചൈന, തെക്കും തെക്കുകിഴക്കും ബംഗ്ലാദേശ്. ഒരുഭാഗത്ത് വടക്ക് ഭൂട്ടാനും ചേരുന്നതോടെ ശരിക്കും ലാന്‍ഡ് ലോക്ക്ഡ്!

chicken-neck

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കാന്‍ കരവഴി മറ്റൊരുമാര്‍ഗവുമില്ല. അതാണ് ബംഗ്ലാദേശ് ഒരു ഭീഷണി പോലെ ഇന്ത്യയ്ക്കുമുന്നില്‍ വയ്ക്കുന്നത്. ഒരിക്കല്‍ ചൈന അനായാസം ഇന്ത്യയിലേക്ക് കടന്നുകയറിയതിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടി മുഹമ്മദ് യൂസുഫിന്‍റെ വാക്കുകള്‍ക്ക് പിന്നിലുണ്ട്. അത്രയേറെ പ്രധാനമാണ് ഇന്ത്യയ്ക്കും വടക്കുകിഴക്കിന്‍റെ സുരക്ഷയ്ക്കും സിലിഗുഡി ഇടനാഴി. 

army-india

2017ലെ ഡോക്‌ലാം സംഘര്‍ഷം ഓര്‍മയില്ലേ. ചൈന സൃഷ്ടിച്ച പ്രകോപനത്തെത്തുടര്‍ന്ന്, ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ക്ക് മധ്യത്തിലുള്ള ഡോക്‌ലാമില്‍ ഇരുസേനകളും 72 ദിവസം നേര്‍ക്കുനേര്‍ നിന്ന സംഭവം. ചൈനയ്ക്ക് സിലിഗുഡി കോറിഡോറിലേക്ക് എളുപ്പം കടന്നുകയറാവുന്ന തന്ത്രപ്രധാന മേഖലയാണിത്. സിലിഗുഡി ഇടനാഴിയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലുണ്ടായാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊട്ടാകെ ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെടും. അവിടേക്കുള്ള റോഡുകളും റെയില്‍വേ ലൈനുകളും എണ്ണക്കുഴലുകളുമെല്ലാം സിലിഗുഡി കോറിഡോര്‍ വഴിയാണ് പോകുന്നത്. അത് തടസപ്പെട്ടാല്‍ എന്തുസംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഭൂമിശാസ്ത്രപരമായ ഈ ദൗര്‍ബല്യം തന്നെയാണ് മുഹമ്മദ് യൂനുസ് മുതലെടുക്കാന്‍ ശ്രമിക്കുന്നത്. 

brahmos-india

‘ചിക്കന്‍ നെക്ക്’ ദൗര്‍ബല്യമോ കരുത്തോ?

ബംഗ്ലാദേശിന്റെയും ചൈനയുടെയും ബംഗ്ലാദേശിനെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍റെയും നീക്കങ്ങള്‍ വച്ചുനോക്കിയാല്‍ സിലിഗുഡി ഇടനാഴിയുടെ ലൊക്കേഷന്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതുതന്നെയാണ്. ബംഗ്ലാദേശില്‍ ചൈനീസ് സൈനികത്താവളമോ വ്യോമതാവളമോ ഉണ്ടായാല്‍ അത് ഇരട്ടിയാകും. പക്ഷേ ആ വെല്ലുവിളി ഇന്ത്യ മറ്റൊരു തരത്തില്‍ അവസരമായാണ് കാണുന്നത്. സിലിഗുഡി കോറിഡോറിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഈ മേഖലയിലും അതിനുചുറ്റും വലിയ പ്രതിരോധസംവിധാനങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. കൂടുതല്‍ വലിയ സന്നാഹങ്ങള്‍ ഒരുക്കത്തിലുമാണ്. 

cruise-missile

 പ്രതിരോധം

സിലിഗുഡി ഇടനാഴിയെ ഏറ്റവും ശക്തമായ പ്രതിരോധനിരയായാണ് ഇന്ത്യന്‍ സൈന്യം കണക്കാക്കുന്നത്. സിലിഗുഡിയോടു ചേര്‍ന്ന സുഖ്നയിലാണ് ത്രിശക്തി കോര്‍ സൈനിക ആസ്ഥാനം. അത്യാധുനിക ആയുധങ്ങള്‍, റഫാല്‍ പോര്‍വിമാനങ്ങള്‍, ബ്രഹ്മോസ് മിസൈലുകള്‍, അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ത്തന്നെ ചിക്കന്‍നെക്കിനെ കാക്കാന്‍ വിന്യസിച്ചിട്ടുണ്ട്.  

ഹാഷിമാര എയര്‍ബേസിലാണ് വ്യോമസേന റഫാല്‍, മിഗ് വിമാനങ്ങള്‍ സ്റ്റേഷന്‍ ചെയ്തിരിക്കുന്നത്. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ ഒരു റെജിമെന്‍റ് സിലിഗുഡി കോറിഡോറില്‍ത്തന്നെയുണ്ട്. ആകാശമാര്‍ഗമുള്ള കടന്നുകയറ്റങ്ങള്‍ തടയാന്‍ എസ്–400 മിസൈല്‍ സംവിധാനം സജ്ജം. ഈ മള്‍ട്ടി റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈലുകളും ആകാശ് എയര്‍ ഡിഫന്‍സ് സിസ്റ്റവും ചേരുന്നതോടെ ആകാശവും സുരക്ഷിതം. ത്രിശക്തി കോര്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഏറ്റവും ശക്തമായ സൈനിക യൂണിറ്റുകളില്‍ ഒന്നാണ്. ടി–90 ടാങ്കുകള്‍ അടക്കം ഉപയോഗിച്ച് ലൈവ് വയര്‍ ഡ്രില്ലുകള്‍ അടക്കം യുദ്ധസാഹചര്യങ്ങളില്‍ നിരന്തരം പരിശീലനം നടത്തുന്ന ത്രിശക്തി കോര്‍ എല്ലായ്പ്പോഴും ഏതാക്രമണവും നേരിടാന്‍ സജ്ജമാണെന്ന് ചുരുക്കം.

military-india

സിലിഗുഡി ഇടനാഴിയിലെ മാത്രമല്ല, ബംഗാള്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലും കര, വ്യോമ, നാവികസേനകള്‍ തന്ത്രപരമായ ആസ്തികള്‍ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ പലതിന്റെയും ലൊക്കേഷന്‍ അതീവരഹസ്യവുമാണ്. ആന്ധ്ര തീരത്ത് ഭൂമിക്കടിയില്‍ നിന്ന് കടലിനടിയിലേക്ക് നേരിട്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാനുള്ള സംവിധാനം തയാറായിക്കഴിഞ്ഞു. വിശാഖപട്ടണത്തുനിന്ന് 50 കിലോമീറ്റര്‍ വടക്കുള്ള റാമ്പിള്ളി ഗ്രാമത്തിലാണ് ഇതിന്‍റെ ലൊക്കേഷന്‍ എന്നാണ് വിവരം. അതീവരഹസ്യമായി നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ വര്‍ഷ’ പ്രോജക്ടിന്‍റെ ഭാഗമാണ് ഈ സംവിധാനം. ശത്രു സാറ്റലൈറ്റുകളുടെ ശ്രദ്ധയില്‍പ്പെടാതെ അന്തര്‍വാഹിനികള്‍ക്ക് ബംഗാള്‍ ഉള്‍ക്കടലിലേക്കും അതിനപ്പുറത്തേക്കും അതിവേഗം നീങ്ങാന്‍ കഴിയും. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സൈനികശേഷിയും അതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങളുടെ വിന്യാസവും അടിസ്ഥാനസൗകര്യ വികസനവും അതിവേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡോക്‌ലാം പ്രതിസന്ധി നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിസന്ധികളെ മുന്‍കൂട്ടി വിലയിരുത്തി തയാറെടുക്കുന്നതിലും പ്രശ്നങ്ങള്‍ നേരിടുന്ന സമീപനത്തിലും ഇന്ത്യ കൈവരിച്ച പുരോഗതി ഇതില്‍ ദൃശ്യം. ‘നിശബ്ദം, കരുത്തോടെ...’ എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.

മുഹമ്മദ് യൂനുസിന്‍റെ ലക്ഷ്യമെന്ത്?

മുഹമ്മദ് യൂനുസ് നൊബേല്‍ സമ്മാനജേതാവാണ്. ഷെയ്ഖ് ഹസീന പുറത്താകുംവരെ ഇന്ത്യാവിരോധിയായിരുന്നില്ല. എന്നാല്‍ ഇടക്കാല സര്‍ക്കാരിന്‍റെ ചുക്കാന്‍ ഏറ്റെടുത്ത ശേഷം നടത്തുന്ന പ്രസ്താവനകള്‍ തികച്ചും ബാലിശവും ഉഭയകക്ഷി ബന്ധത്തില്‍ അവശേഷിക്കുന്ന താല്‍പര്യം കൂടി ഹനിക്കുന്നതുമാണ്. അക്കാര്യം തായ്‌‍ലാന്‍ഡില്‍ നടന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യൂനുസിനെ ധരിപ്പിച്ചിട്ടുണ്ടാകും.

ചൈനയുമായി നേരിട്ട് അതിര്‍ത്തിയില്ലാത്ത ബംഗ്ലാദേശിന് മ്യാന്‍മര്‍ വഴി ചൈനയുമായി റോഡ് കണക്ഷന്‍ ഉണ്ടാക്കാന്‍ താല്‍പര്യമുണ്ട്. ചൈന–മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി ഇപ്പോള്‍ത്തന്നെ ചൈനയുടെ ബെല്‍റ്റ്–ആന്‍ഡ്–റോഡ് പദ്ധതിയുടെ ഭാഗമാണ്. മ്യാന്‍മര്‍ വഴി തായ്‍ലന്‍റിലേക്കും ചൈനയ്ക്ക് കണക്ഷനുണ്ട്. മ്യാന്‍മര്‍ വഴി ചൈനയെ ബംഗ്ലാദേശുമായി നേരിട്ട് ബന്ധിപ്പിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ ഇന്ത്യയ്ക്കുള്ള ആധിപത്യം കുറയ്ക്കുക എന്ന ഗൂഢലക്ഷ്യം കൂടി മുഹമ്മദ് യൂനുസിനുണ്ട്. താല്‍പര്യം എന്തായാലും അങ്ങേയറ്റം അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഒന്നാണ് ഈ നീക്കം. ചൈന അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് നയതന്ത്ര നിരീക്ഷകര്‍.

ENGLISH SUMMARY:

Bangladesh leader Muhammad Yunus welcomed China to Bangladesh. What is Muhammad Yunus aiming for? With India increasing its defense at the Chicken's Neck, Silguri border, should there be concern?