തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ വിവാദ പരാമര്‍ശവുമായി രംഗത്ത്. തമിഴിനെ അപമാനിക്കുന്നവരുടെ നാവ‌് പിഴുത് മാറ്റുമെന്നും ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് പത്തിലധികം പേരെ കല്യാണം കഴിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ത്രിഭാഷ നയത്തിനെ തമിഴ്നാട് എതിര്‍ക്കുന്നതിനിടെയാണ് അദ്ദാഹത്തിന്റെ പ്രസ്താവന.
തമിഴ് ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യക്കാര്‍ ബഹുഭാര്യത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രി അവകാശപ്പെട്ടത്. നമ്മുടെ സംസ്കാരത്തിൽ, ഒരു പുരുഷൻ ഒരു സ്ത്രീയെ മാത്രമേ വിവാഹം കഴിക്കൂ. എന്നാല്‍ വടക്കേ ഇന്ത്യയിൽ, ഒരു സ്ത്രീക്ക് ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടാകാം. അതുപോലെ, അഞ്ച് പുരുഷന്മാർക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. ഇതാണ് അവരുടെ പാരമ്പര്യം. ഒരാൾ പോയാൽ മറ്റൊരാൾ അവരുടെ സ്ഥാനം ഏറ്റെടുക്കുന്നു. മഹാഭാരതത്തിലെ ദ്രൗപദിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ജനസംഖ്യയെ പരാമര്‍ശിച്ച് കൊണ്ടും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തി. കേന്ദ്രവും കോൺഗ്രസും മറ്റ് പാർട്ടികളും ജനസംഖ്യ നിയന്ത്രിക്കാൻ തങ്ങളോട് ആവശ്യപ്പെട്ടു.ഞങ്ങൾ അവരുടെ നിർദ്ദേശങ്ങൾ പാലിച്ചു.അതിനാല്‍ ഞങ്ങളുടെ ജനസംഖ്യ കുറഞ്ഞു. എന്നാല്‍ ഉത്തരേന്ത്യയില്‍ ജനസംഖ്യ കുറഞ്ഞില്ല. അവിടത്തെ കുടുംബങ്ങൾക്ക് 17, 18, അല്ലെങ്കിൽ 19 കുട്ടികൾ പോലും ഉണ്ടായിരുന്നു. എന്നും ദുരൈ മുരുകന്‍ ആരോപിച്ചു.
ഡിഎംകെ എംപിമാർക്കെതിരെ പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമര്‍ശിച്ചു, "ഈ ദുർഗന്ധം വമിക്കുന്ന സംസ്കാരത്തിൽ നിന്നാണ് നിങ്ങൾ വരുന്നത്, നിങ്ങൾ ഞങ്ങളെ അപരിഷ്കൃതരെന്ന് വിളിക്കുകയാണോ? ഞങ്ങൾ നിങ്ങളുടെ നാവ് മുറിക്കും. സൂക്ഷിക്കുക".എന്നിങ്ങനെയാണ് മന്ത്രി പറഞ്ഞത്.