മധുര മാട്ടുത്താവണിയിൽ റോഡിലെ കമാനം പൊളിച്ചു നീക്കുന്നതിനിടെ തൂൺ തകർന്നുവീണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ മരിച്ചു. കരാറുകാരന് പരുക്കേറ്റു. മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. സുരക്ഷക്രമീകരണങ്ങളൊരുക്കാതെ കമാനം പൊളിക്കാന്‍ ഉത്തരവിട്ട കോര്‍പ്പറേഷനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
മധുരയിലെ മാട്ടുത്താവണിയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡിന് നടുവിലാണ് നക്കീരൻ കമാനം. കമാനം ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. ഇന്നലെ രാത്രിയാണ് കമാനം പൊളിക്കാന്‍ തുടങ്ങിയത്. ഇതിനിടെ, മണ്ണുമാന്തി യന്ത്രത്തിന്‍റെ മുകളിലേക്ക് തൂൺ തകർന്നു വീഴുകയും യന്ത്രത്തിന്‍റെ ഓപ്പറേറ്ററും തിരുമംഗലം സ്വദേശിയുമായ നാഗലിംഗം അതിനടിയിൽപെടുകയുമായിരുന്നു. ഒപ്പേറേറ്റര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കരാറുകാരൻ ചമ്പക്കുളം സ്വദേശിയായ നല്ലതമ്പിയെ ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ ഭരണകൂടവും കോ൪പറേഷനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാഗലിംഗത്തിന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചു. അവ൪ മാട്ടുത്തവാണിയിൽ റോഡ് ഉപരോധിക്കാനും ശ്രമിച്ചു. ഇതേ തുട൪ന്ന് പൊലീസെത്തി ബന്ധുക്കളെ സമാധാനിപ്പിച്ചു. ചെറിയ യന്ത്രം ഉപയോഗിച്ചാണ് മരണ കാരണമെന്നും സുരക്ഷാ നിർദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ലെന്നും മരണവിവരം കുടുംബത്തെ അറിയിച്ചില്ലെന്നും അവ൪ പൊലീസിനോട് പരാതിപ്പെട്ടു.