കാറോടിക്കുന്നതിനിടെ ഓഫിസ് ജോലി ചെയ്ത യുവതിക്കു പിഴയിട്ടു ട്രാഫിക് പൊലീസ്. ബെംഗളരു ആര്‍.ടി നഗറിലാണ് തിരക്കേറിയ റോഡിലൂടെ പോകുന്നതിനിടെ ടെക്കിയായ യുവതി ലാപ് ടോപ്പില്‍ ഓഫിസ് ജോലികള്‍ ചെയ്തത്. ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ കണ്ടെത്തി പിഴയീടാക്കുകയായിരുന്നു.

'വര്‍ക്ക് ഫ്രം കാര്‍' ചെയ്യുന്ന യുവതി ടെക്കിയാണെന്ന് മനസിലാക്കിയ യാത്രക്കാരിലില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുത്തു. ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍ ജോലി ചെയ്യാമെന്ന് മനസിലായില്ലേയെന്ന് ചിലര്‍ കുറിച്ചപ്പോള്‍ തൊഴില്‍ സമ്മര്‍ദമാണ് യുവതിയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നായി മറ്റൊരു കൂട്ടര്‍.

വിഡിയോ വൈറലായതോടെ ട്രാഫിക് പൊലീസ് അന്വേഷിച്ച് വീട്ടിലെത്തി 1000 രൂപ പിഴ ഈടാക്കി. ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ ഡിസിപി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഇതോടെ ചര്‍ച്ചയ്ക്ക്  പുതിയ വഴിത്തിരിവുമുണ്ടായി. ബെംഗളൂരുവിലെ ട്രാഫിക് കുരുക്കാണോ അതോ ആഴ്ചയില്‍ 90 മണിക്കൂര്‍ 'പണിയെടുപ്പിക്കുന്ന' കോര്‍പറേറ്റ് ലോകത്തെ അപ്രഖ്യാപിത നിയമമാണോ 'വര്‍ക്ക് ഫ്രം കാറി'ന് യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പുതിയ ചര്‍ച്ച. 

ENGLISH SUMMARY:

A young woman was fined by the traffic police for doing office work while driving a car