ഡല്‍ഹിയില്‍ എന്‍.സി.സി കേഡറ്റുകളുടെ അശ്വാരൂഢ പ്രകടനങ്ങളില്‍ കരുത്തുതെളിയിച്ച് കേരള ടീം. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന ദേശിയതല മല്‍സരത്തില്‍ കേരളം വെള്ളിമെഡല്‍ സ്വന്തമാക്കി. മഞ്ഞുകാലത്തെ തണുപ്പിലും ഡല്‍ഹിയിലെ മെതാനത്തെ ചൂടുപിടിപ്പിച്ചു എന്‍.സി.സി കേഡറ്റുകളുടെ സാഹസികത.
കഠിനമായ പരിശീലനത്തിന്‍റെ പ്രതിഫലനമായി അശ്വാരൂഢ അഭ്യാസ പ്രകടനങ്ങള്‍. ഡ്രസാജ് ഇനത്തില്‍ തൃശൂര്‍ കേരള വര്‍മ കോളജ് വിദ്യാര്‍ഥിനി ഗായത്രി വെള്ളിമെഡല്‍ സ്വന്തമാക്കി. എന്‍.സി.സിയുടെ കേരളത്തിലെ ഏക അശ്വാരൂഢ യൂണിറ്റായ തൃശൂര്‍ മണ്ണുത്തിയില്‍നിന്ന് മൂന്നുവിദ്യാര്‍ഥികളാണ് രാജ്യതലസ്ഥാനത്തെ മല്‍സരങ്ങളില്‍ മാറ്റുരച്ചത്. എന്‍.സി.സിക്ക് രാജ്യത്താകെ 20 അശ്വാരൂഢ യൂണിറ്റാണുള്ളത്. സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 കേഡറ്റുകളാണ് ദേശിയതലത്തില്‍ മല്‍സരിച്ചത്.