india-accidents

രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇതുമൂലം രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോള്‍ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും ഗഡ്കരി പറഞ്ഞു. ഇന്നലെ പാര്‍ലമെന്‍റിലെ ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ പരാമര്‍ശം. തൊട്ടുപിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച് പാലക്കാട് നാലു പെൺകുട്ടികൾക്ക് റോഡപകടത്തിൽ ജീവൻ നഷ്ടമായത്.

രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ധിക്കുകയാണെന്നും, ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നുമാണ് നിതിൻ ഗഡ്കരി പറഞ്ഞത്. ചുമതലയേല്‍ക്കുമ്പോള്‍ വാഹനാപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അപകടങ്ങള്‍ കൂടുകയാണുണ്ടായതെന്ന് ലോക്സഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

Also Read; കേരളത്തിന്‍റെ തീരാനോവായി നാല് കുരുന്നുകള്‍; കബറടക്കം തുപ്പനാട് ജുമാ മസ്ജിദില്‍

‘രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 60% പേരും 18-34 വയസ്സിനിടയിലുള്ളവരാണ്. അപകടങ്ങളില്‍ 13.13 ശതമാനവും ഉത്തര്‍പ്രദേശിലാണ്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി മൂന്നുമാസത്തിനുള്ളില്‍ മുഴുവന്‍ സംസ്ഥാനത്തും നടപ്പാക്കും. ഉത്തര്‍പ്രദേശില്‍ 2013-22 കാലയളവില്‍ 1.97 ലക്ഷം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.65 ലക്ഷം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ ഇക്കാലയളവില്‍ 40,389 അപകടങ്ങളുണ്ടായി’– നിതിൻ ഗഡ്കരി പറഞ്ഞു.

ഇന്നലെ വൈകിട്ട് കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, നിത, ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

ENGLISH SUMMARY:

Union Transport Minister Nitin Gadkari stated that 1.78 lakh people die in road accidents annually in India. He added that this alarming statistic often puts the country in an embarrassing position during international conferences. The minister made this remark yesterday in response to a supplementary question during the Question Hour in Parliament.