ഛത്തീസ്ഗഡിൽ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ വാങ്ങിയ 400 ബൊലേറോ കാറുകള്‍ ഉപയോഗിക്കാതെ നശിച്ച നിലയില്‍. 'ഡയല്‍ 112' എമര്‍ജന്‍സി സര്‍വീസിനായാണ് 2023-ല്‍ 400 ബൊലേറോ എസ്.യു.വി.കള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാങ്ങിയത്. 40 കോടിയിലേറെ രൂപ മുടക്കിയാണ് ഇത്രയും വാഹനങ്ങള്‍ വാങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ 33 ജില്ലകളില്‍ 'ഡയല്‍ 112' സേവനങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ പദ്ധതി നിലച്ചു. വാഹനങ്ങളെല്ലാം ഉപയോഗിക്കാതെ നശിക്കുകയും ചെയ്തു.
ആംഡ് ഫോഴ്‌സിന്റെ റായ്പൂരിലെ ഗ്രൗണ്ടിലാണ് 400 വാഹനങ്ങളും കിടക്കുന്നത്. ഇതിനോടകം വാഹനങ്ങളെല്ലാം തകരാറിലായെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടയറുകളും ബാറ്ററികളും വയറിങ്ങും ഉള്‍പ്പെടെ നശിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.