ശിവസേനയുടെ സമ്മര്‍ദ നീക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം വഴിമുട്ടി. മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും വേണമെന്ന് ആവശ്യപ്പെട്ടതോടെ ബി.ജെ.പി കുരുക്കിലായി. തുടര്‍ ചര്‍ച്ചകളില്‍ നിന്ന് മുഖം തിരിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെ.
ഫലം വന്ന് ഒരാഴ്ചയായിട്ടും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുകയാണ്. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയ ഏക്‌നാഥ് ഷിന്‍ഡെ ഇപ്പോള്‍ ഉയര്‍ത്തുന്ന ഡിമാന്‍ഡുകളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും പറയുന്നു. എന്നാല്‍ ആഭ്യന്തരം വിട്ടുള്ള ഒത്തുതീര്‍പ്പിന് ബി.ജെ.പി തയാറല്ല.
ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ദേവേന്ദ്ര ഫഡ്‍നാവിസിന് പകരം മറാഠാ വിഭാഗത്തിലെ ഒരാള്‍ മുഖ്യമന്ത്രി പദവിയേക്ക് വരണമെന്ന ആവശ്യവും ഷിന്‍ഡെ ബി.ജെ.പിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. പുണെ എം.പിയായ മുരളീധര്‍ മഹോളിന്‍റെ പേരാണ് ഇങ്ങനെ ഉയര്‍ന്നുവരുന്നത്. കേന്ദ്ര കാബിനറ്റ് പദവിയല്ല മഹാരാഷ്ട്രയില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് വേണ്ടതെന്ന നിലപാടിലാണ് ഷിന്‍ഡെ പക്ഷം. ഉപമുഖ്യമന്ത്രിപദം സ്വീകരിക്കുമോ എന്നും വ്യക്തമല്ല. ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം തന്‍റെ ജന്‍മനാടായ സത്താറയിലേക്ക് പോയ ഷിന്‍ഡെ രണ്ടുദിവസമായി ചര്‍ച്ചകളുടെ ഭാഗമായിട്ടില്ല. തിങ്കളാഴ്ച ബിജെപിയുടെ കേന്ദ്ര നിരീക്ഷകന്‍ എത്തിയശേഷമേ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുള്ളൂ. സത്യപ്രതിജ്ഞ നീണ്ട് പോകുന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും നീരസമുണ്ട്.