വിസ്താര വിമാനങ്ങളുടെ സര്‍വീസുകള്‍ ഇന്നുകൂടി മാത്രം. നാളെ മുതല്‍ എയര്‍ ഇന്ത്യയാകും വിമാന സേവനങ്ങള്‍ നല്‍കുക. വിസ്താര എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മൂവായിരം കോടി രൂപ കൂടെ നിക്ഷേപം നടത്തും.
ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന കമ്പനിയായിരുന്നു ഇന്നുവരെ വിസ്താര. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി 2015ലാണ് വിസ്താര പ്രവര്‍ത്തനം ആരംഭിച്ചത്. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം ഇന്ന് പൂർത്തിയാകുന്നതോടെ, നാളെ മുതല്‍ എയർ ഇന്ത്യ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ലഭിക്കുക. ടാറ്റയുടെ കീഴിലുണ്ടായിരുന്ന നാല് എയര്‍ലൈന്‍ ബ്രാന്‍ഡുകള്‍ ഇനി മുതല്‍ രണ്ടെണ്ണമാകും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49ശതമാനം ഓഹരിയുണ്ടായിരുന്ന വിസ്‌താരയില്‍ ലയനശേഷം എയര്‍ ഇന്ത്യയില്‍ 25 ശതമാനത്തോളം ഓഹരിപങ്കാളിത്തം ലഭിക്കും.
3,195 കോടി രൂപ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിക്ഷേപിക്കും. 2012ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ആഭ്യന്തര വിമാനക്കമ്പനികളില്‍ 49 ശതമാനം വരെ വിദേശനിക്ഷേപം നടത്താന്‍ അനുമതി നല്‍കിയത്. വളരുന്ന വന്‍ വ്യോമയാന മേഖലയാണ് ഇന്ത്യയുടേത്. എന്നാല്‍ വിമാന കമ്പിനികള്‍ പ്രധാനമായി അവശേഷിക്കുക ഇന്‍ഡിഗോയും ടാറ്റ ഗ്രൂപ്പിന്‍റെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും മാത്രമാണ്. സ്പൈസ് ജെറ്റ്, ആകാശ എയര്‍ എന്നിവയ്ക്ക് വിപണി വിഹിതം തീരേ കുറവാണ്.