കിഴക്കന്‍ ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും പട്രോളിങ് ഇന്ന് പുനരാരംഭിച്ചേക്കും. സൈനിക പിന്‍മാറ്റം പൂര്‍ത്തിയായി. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് സൈനികര്‍ പരസ്പരം മധുരം കൈമാറും.
ഡെപ്സാങ്ങിലെയും ഡെംചോക്കിലെയും സൈനിക പിന്‍മാറ്റം പൂര്‍ത്തിയായതായി ഇന്നലെ വൈകിട്ടോടെ ഇന്ത്യയും ചൈനയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുവിഭാഗത്തെയും കമാന്‍ഡര്‍മാര്‍ നേരിട്ടെത്തിയും ഡ്രോണ്‍ ക്യാമറകള്‍ വഴിയും പരിശോധന നടത്തിയാണ് പിന്‍മാറ്റം ഉറപ്പിച്ചത്.
ബ്രിഗേഡിയര്‍ റാങ്കിലുള്ള ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തി പട്രോളിങ് എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ തീരുമാനമെടുക്കും. ഇന്നുതന്നെ പരിശോധന തുടങ്ങാനാണ് സാധ്യത. ദീപാവലി ദിവസമായതിനാല്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ പരസ്പരം മധുരം കൈമാറും.
നാലുവര്‍ഷത്തിന് ശേഷമാണ് ഡെപ്സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കുന്നത്. ഇരു വിഭാഗങ്ങളും മുന്‍കൂട്ടി അറിയിച്ചശേഷമാകും ഓരോ മേഖലകളിലും പരിശോധനയ്ക്കെത്തുക.