പത്രിക നല്‍കാന്‍ ഒരുദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കവുമായി മുന്നണികള്‍. സമാജ്‍വാദി പാര്‍ട്ടിയുമായും സിപിഎമ്മുമായുള്ള സീറ്റ് ധാരണയെച്ചൊല്ലിയാണ് മഹാവികാസ് അഘാഡിയില്‍ തലവേദന. മഹായുതി സഖ്യത്തില്‍ 12 സീറ്റുകള്‍ ഇപ്പോളും തര്‍ക്കത്തിലാണ്.
ചെറിയ കക്ഷികള്‍ക്ക് കൊടുക്കേണ്ട സീറ്റിനെ ചെല്ലിയാണ് മഹാവികാസ് അഘാഡിയില്‍ തര്‍ക്കം നീളുന്നത്. സിപിഎമ്മിന് മൂന്ന് സീറ്റ് നല്‍കിയാല്‍ സമാജ്‍വാദി പാര്‍ട്ടിക്കും പെസന്‍റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടിയ്ക്കും സീറ്റ് കുറയും. അഞ്ച് സീറ്റെന്ന കടുംപിടുത്തം എസ്.പി ഉപേക്ഷിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് ഇതുവരെ 99 പേരുടെ പട്ടിക പുറത്തുവിട്ടു. സീറ്റെണ്ണം നൂറ് കടക്കാത്തതില്‍ ശിവസേന ഉദ്ധവ് പക്ഷത്തിന് നിരാശയുണ്ട്.
മഹായുതിയില്‍ 121 പേരുടെ പട്ടിക പുറത്തിറക്കി ബിജെപി മുന്നിലാണ്. 12 സീറ്റുകളെച്ചൊല്ലിയാണ് ഷിന്‍ഡെ വിഭാഗം ശിവസേനയുമായി തര്‍ക്കമുള്ളത്. ഇരുമുന്നണിയിലും മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പല സീറ്റിലും മറുപക്ഷത്തെ വിമതരെ കാത്താണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. അതേസമയം, ഇരുമുന്നണിയിലും വിമത നീക്കങ്ങള്‍ ശക്തമായി. പുണെ പിംപ്രി–ചിഞ്ച്‌വാഡ് മേഖലയിലെ മൂന്നിടത്ത് എന്‍സിപി ശരദ് പക്ഷത്തിന് എതിരെ ഉദ്ധവ് പക്ഷം അതൃപ്തി പരസ്യമാക്കി. എന്‍സിപിയില്‍ കുടുംബ പോരാട്ടം നടക്കുന്ന ബാരാമതിയില്‍ അജിത് പവാറും സഹോദര പുത്രന്‍ യുഗേന്ദ്ര പവാറും പത്രിക നല്‍കി.