ബുളളറ്റിന്‍റെ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തിയതിന് പിടികൂടിയ പൊലീസിനെ ആക്രമിച്ച് യുവാവ്. ഡല്‍ഹി ജാമിയാ നഗറിലാണ് സംഭവം. പരിധിക്കുമപ്പുറം ശബ്ദവുമായി വരുന്നതുകണ്ടാണ് ആസിഫ് എന്ന യുവാവിനെ ഡല്‍ഹി പൊലീസ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയത്.
ബൈക്ക് പരിശോധിച്ചപ്പോള്‍ അനുവദനീയമായതിലും കൂടിയ അളവിലുള്ള ശബ്ദമാണ് വണ്ടിയില്‍ നിന്നും കേള്‍ക്കുന്നതെന്ന് വ്യക്തമായി. സൈലന്‍സറില്‍ വരുത്തിയ മോഡിഫിക്കേഷന്‍ ആണ് കാരണമെന്നും പൊലീസിനു ബോധ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്‍റെ പരസ്യമായ ലംഘനമാണെന്നും കണ്ടെത്തി. പൊലീസ് പിടിയിലായതോടെ 24കാരനായ ആസിഫ് പിതാവ് റിയാസുദ്ദീനെ ഫോണില്‍ വിളിച്ച് സംഭവസ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. പിതാവ് എത്തിയതിനു പിന്നാലെ പൊലീസ് പിടിയില്‍ നിന്നും ഇരുവരും ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച ഇന്‍സ്പെക്ടറെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു. പിതാവ് ഇന്‍സ്പെക്ടറെ പിടിച്ചുവക്കുകയും മകന്‍ പൊലീസുകാരന്‍റെ കണ്ണിനു നേരെ ഇടിക്കുകയും ചെയ്തു. മറ്റു പൊലീസുകാര്‍ക്കും അച്ഛന്‍റെയും മകന്‍റെയും ആക്രമണത്തില്‍ പരുക്കേറ്റു. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം നടത്താന്‍ അനുവദിക്കാതിരുന്നതിനും ആസിഫിനും റിയാസുദ്ദീനുമെതിരെ പൊലീസ് കേസെടുത്തു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്.