ഡല്‍ഹി പൊലീസ് ഇപ്പോഴും തന്നെ ഭാഗിക തടങ്കലിലാക്കിയിരിക്കുകയാണെന്ന് ലഡാക്ക് സമരനായകന്‍ സോനം വാങ്ചുക്ക് മനോരമ ന്യൂസിനോട്. ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ അനുമതി നല്‍കുന്നില്ല. അഞ്ച് ദിവസമായി ഡല്‍ഹി ലഡാക്ക് ഭവനില്‍ നിരാഹാര സമരത്തിലാണ് സോനം വാങ്ചുക്ക്.
കണ്ടാല്‍ ഇരുമ്പഴിക്കുള്ളിലെന്ന് തോന്നും. ചാണക്യപുരിയിലെ ലഡാക്ക് ഭവനില്‍ കടുത്ത പൊലീസ് നിയന്ത്രണത്തിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ സോനം വാങ്ചുക്കെന്ന രാജ്യമറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ തയാറല്ല. നിരാഹാരസമരം അഞ്ച് ദിവസത്തിലെത്തിയതിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ട്. പൊലീസിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇപ്പോഴും കഴിയുന്നതെന്നും പ്രതിഷേധിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും സോനം വാങ്ചുക്ക്.
ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തുക, പരിസ്ഥിതി സംരക്ഷണം, ലേ, കാര്‍ഗില്‍ ജില്ലകള്‍ക്ക് പ്രത്യേക ലോക്സഭ സീറ്റുകളും ആവശ്യപ്പെട്ടാണ് നിരാഹാരസമരം. മാഗ്സസെ പുരസ്കാര ജേതാവും വിദ്യാഭ്യാസ പരിഷ്കര്‍ത്താവുമായ സോനം വാങ്ചുക്ക് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കാണാന്‍ നോക്കിയിട്ട് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ആരോഗ്യം എത്ര മോശമായാലും മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സോനം വാങ്ചുക്ക് പറയുന്നു. ലഡാക്കില്‍നിന്ന് പദയാത്ര നടത്തിയാണ് സോനം വാങ്ചുക്കും അനുയായികളും ഡല്‍ഹിയിലെത്തിയത്.