56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം മഞ്ഞുമലയിൽ കണ്ടെത്തിയെന്ന് അറിയിപ്പ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്‍റെ ശരീര ഭാഗങ്ങൾ കിട്ടിയെന്നാണ് സൈന്യം ആറന്മുള പൊലീസിനെ അറിയിച്ചത്. 1968 ഫെബ്രുവരി 7ന് ലഡാക്ക് മേഖലയിലെ ധാക്ക മഞ്ഞുമലകളിൽ ആണ് 103 പേരുമായി പോയ വിമാനം തകർന്നു വീണത്. മരിക്കുമ്പോൾ തോമസ് ചെറിയാന് പ്രായം 22 വയസ്സ്. സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ച് തന്‍റെ ആദ്യ പോസ്റ്റിങ് സ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
പ്രീ യൂണിവേഴ്സിറ്റി പഠനത്തിനു ശേഷമാണ് തോമസ് സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനം പൂർത്തിയാക്കിയ ശേഷം ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് കോറിൽ (ഇ.എം.ഇ) ക്രാഫ്റ്റ്സ്മാനായി ലേ ലഡാക് മേഖലയിൽ നിയമനം ലഭിച്ചു. അവിടേക്കു പോകുന്നതിനിടെ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് മഞ്ഞുമലയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും തോമസ് ചെറിയാന്‍റേതടക്കം 90 പേരുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.
Also Read : 56 വര്‍ഷംമുന്‍പ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
പിന്നീട് വർഷങ്ങൾക്കു ശേഷം സൈന്യം തിരച്ചിൽ പുനരാരംഭിച്ചു. ഓരോ തവണയും തിരിച്ചറിയുന്ന മൃതദേഹങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെ കരസേനയിൽ നിന്ന് ഔദ്യോഗിക അറിയിപ്പായി ലഭിച്ചിരുന്നു. തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ ഭൗതികാവശിഷ്ടങ്ങളാണു അടുത്തിടെ കണ്ടെടുത്തത്. ഇന്നലെ വൈകിട്ടാണ് ആറന്മുള പൊലീസ് വീട്ടിലെത്തി വിവരമറിയിച്ചത്. തോമസ് ചെറിയാന്‍റെ സഹോദരന്‍റെ മക്കളാണ് നാട്ടിൽ ഉള്ളത്. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ബന്ധുക്കൾ കൂടിയാലോചിച്ചു തീരുമാനിക്കും.