ഡൽഹി അതിർത്തിയായ ഫരീദാബാദിൽ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി രണ്ട് ബാങ്ക് ജീവനക്കാർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ രണ്ട് ദിവസത്തിനിടെ മരിച്ചവർ 5 ആയി. ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
ഗുരുഗ്രാം എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ്മയും കാഷ്യർ വിരാജ് ദ്വിവേദിയുമാണ് വീട്ടിലേക്ക് പോകും വഴി ഫരീദാബാദ് അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. വെള്ളക്കെട്ടിന്റെ ആഴം ഡ്രൈവർക്ക് മനസിലാകാതിരുന്നതാണ് അപകട കാരണമെന്നാണ് നിഗമനം. കാർ മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പോലീസ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ഇന്നലെ ഗാസിപൂരിലെ അഴുക്കു ചാലിൽ മൂന്ന് വയസ്സുകാരനും അമ്മയും മുങ്ങിമരിക്കുകയും ബിന്ദാപൂരിൽ 12 വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിക്കുകയും ചെയ്തിരുന്നു. പ്രധാന റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതക്കുരുക്കും രുക്ഷമാണ്. ഓടകൾ ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ ശ്രദ്ധിക്കണമെന്നും പഴക്കം ചെന്ന കെട്ടിടങ്ങളിലുള്ളവർ മാറി താമസിക്കണം എന്നും സർക്കാർ നിർദ്ദേശം നൽകി. അതേസമയം മഴ തുടരുന്നതിനാൽ ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ട നിലയിലാണ്.