അമേരിക്ക കണ്ടുപിടിച്ചത് ഇന്ത്യന്‍ നാവികനായ വസുലനെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദര്‍ സിങ് പര്‍മര്‍. വാസ്കോ ഡ ഗാമ ഇന്ത്യന്‍ വ്യാപാരികളെ പിന്തുടര്‍ന്നാണ് രാജ്യത്തെത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വാസ്കോഡ ഗാമയെ പറ്റിയും കൊളംബസിെന പറ്റിയും തെറ്റായ കാര്യങ്ങളാണ് പഠിക്കുന്നതെന്നും ഇവ സിലബസില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബര്‍ക്കത്തുള്ള സര്‍വകലാശാലയിലെ കോണ്‍വക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് അസത്യമായ കാര്യങ്ങളാണ്. ചന്ദന്‍ എന്ന പേരിലുള്ളൊരു വ്യാപാരി ഇതേ റൂട്ടില്‍ നേരത്തെ വന്നിട്ടുണ്ടെന്ന് വാസ്കോ ഡ ഗാമ സൂചിപ്പിച്ചിട്ടുണ്ട്. ചന്ദനാണ് ഇന്ത്യ കണ്ടെത്തിയത് അല്ലാതെ വാസ്കോഡ ഗാമയല്ല എന്നായിരുന്നു മന്ത്രിയുടെ വാദം. ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, പ്രൊഫസര്‍മാരും ബിരുദധാരികളും ഇരിക്കുന്ന വേദിയിലാണ് മന്ത്രിയുടെ വാക്കുകള്‍.
കൊളംമ്പസ് അമേരിക്ക കണ്ടുപിടിച്ചു എന്നതാണ് ഇന്ത്യക്കാരെ പഠിപ്പിക്കുന്ന മറ്റൊരു നുണ. അമേരിക്ക കണ്ടുപിടിച്ചത് ആരാണെന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി പഠിച്ചിട്ട് എന്ത് കാര്യം. ഇന്ത്യന്‍ നാവികരാണ് ആദ്യമായി അമേരിക്കന്‍ തീരത്ത് എത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊളംബസ് 1492 ൽ അമേരിക്കയിൽ ഇറങ്ങിയത്. എന്നാല്‍ എട്ടാം നൂറ്റാണ്ടിൽ തന്നെ അമേരിക്കയുമായി വ്യാപാര ബന്ധം ആരംഭിച്ചതിന് ഞങ്ങളുടെ കയ്യില്‍ രേഖകളുണ്ട്. അത് തെളിയിക്കാൻ ക്ഷേത്രങ്ങളുണ്ട്. നമ്മുടെ ചരിത്രകാരന്മാർ ഈ തെളിവുകൾ കണക്കിലെടുത്ത് വിദ്യാർഥകളെ പഠിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.