വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ബലാല്‍സംഗം ചെയ്തെന്ന് വനിത ഫ്ലൈയിങ് ഓഫിസറുടെ പരാതി. ശ്രീനഗറില്‍ ജോലി ചെയ്യുന്ന വനിതയാണ് ബഡ്ഗാം പൊലീസില്‍ പരാതി നല്‍കിയത്. വനിത ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യോമസേന സ്ഥിരീകരിച്ചു. പ്രാദേശിക പൊലീസ് സമീപിച്ചിരുന്നുവെന്നും വിശദാംശങ്ങള്‍ തേടിയെന്നും അന്വേഷണവുമായി സഹകരിക്കുകയാണെന്നും വ്യോമസേന വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താന്‍ അനുഭവിക്കുന്നുവെന്ന് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു. 2023 ഡിസംബര്‍ 31നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. 'പുതുവല്‍സരാഘോഷത്തിനിടെ സമ്മാനം ലഭിച്ചിരുന്നോയെന്ന് വിങ് കമാന്‍ഡര്‍ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ തന്‍റെ മുറിയില്‍ ഇരിപ്പുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി'. വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ എവിടെ എന്ന് ഉദ്യോഗസ്ഥ ചോദിച്ചു, അവര്‍ പുറത്താണെന്നായിരുന്നു മറുപടി. പിന്നാലെ ഉദ്യോഗസ്ഥന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഓറല്‍ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. 'മതിയാക്കാന്‍ പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. സാധ്യമായ എല്ലാ രീതിയിലും ഞാന്‍ ചെറുത്തു നിന്നു. ഒടുവില്‍ അയാളെ തള്ളി മാറ്റി ഇറങ്ങി ഓടിപ്പോരുകയായിരുന്നു'. വീട്ടുകാര്‍ വെള്ളിയാഴ്ച പോകുമെന്നും അന്ന് വീണ്ടും കാണാമെന്നുമായിരുന്നു വിങ് കമാന്‍ഡറുടെ മറുപടിയെന്നും ഉദ്യോഗസ്ഥ വിവരിക്കുന്നു. എന്താണെനിക്ക് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കുറച്ചധികം സമയം വേണ്ടി വന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. ഭയന്ന് വിറച്ചു. ഇത്തരം സംഭവങ്ങള്‍ മുന്‍പ് ഉണ്ടായത് റിപ്പോര്‍ട്ട് ചെയ്തവരുടെ അവസ്ഥ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. ഈ സംഭവത്തിന് ശേഷം ഈ ഉദ്യോഗസ്ഥന്‍ എന്‍റെ ഓഫിസിലേക്ക് വന്നു, ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയായിരുന്നു പ്രതികരണം. ഒരുതരത്തിലെ കുറ്റബോധവും അയാളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നില്ല'.
ഒടുവില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് വനിത ഓഫിസര്‍മാരോടാണ് വിവരം പറഞ്ഞത്. അവരാണ് പരാതി നല്‍കുന്നതിനാവശ്യമായ മാനസിക പിന്തുണ നല്‍കിയത്. ' കടന്നുപോയ മാനസിക വിഷമം എനിക്ക് വിവരിക്കാനാവില്ല. അവിവാഹിതയായ എനിക്ക് സൈന്യത്തില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനം താങ്ങാനാവുന്നതിനും അപ്പുറമാണ്', യുവതി കൂട്ടിച്ചേര്‍ത്തു.
ഫ്ലൈയിങ് ഓഫിസറുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. കേണല്‍ റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല. മൊഴിയെടുക്കുന്നതിനായി രണ്ട് തവണയാണ് അതിക്രമം ചെയ്ത വിങ് കമാന്‍ഡര്‍ക്കൊപ്പം തന്നെ ഇരുത്തിയതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചും മൊഴിയെടുക്കല്‍ തുടര്‍ന്നുവെന്നും ഒടുവില്‍ ജോലിയിലെ അപാകതകള്‍ മറച്ചുവയ്ക്കുന്നതിനായി ചമച്ച പരാതിയെന്ന് ആരോപിച്ച് അന്വേഷണം അവസാനിപ്പിച്ചുവെന്നും ഉദ്യോഗസ്ഥ വെളിപ്പെടുത്തി.
അന്വേഷണത്തില്‍ നീതി ലഭിക്കാതിരുന്നതോടെ ഇന്‍റേണല്‍ കമ്മിറ്റിക്ക് പരാതി നല്‍കി. രണ്ട് മാസത്തിന് ശേഷമാണ് അത് ചേര്‍ന്നത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നും ലൈംഗിക അതിക്രമം നടത്തിയ ഓഫിസര്‍ക്ക് കൂടുതല്‍ സഹായം ചെയ്ത് നല്‍കുകയാണ് സമിതി ചെയ്തതെന്നും ഇത് തന്നെ തകര്‍ത്തുകളഞ്ഞുവെന്നും ഉദ്യോഗസ്ഥ പറയുന്നു. കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍ സന്തോഷമായി പരിപാടികളില്‍ പങ്കെടുത്ത് നടക്കുമ്പോള്‍ തനിക്ക് കടുത്ത പീഡനം തൊഴിലിടത്തില്‍ നേരിടേണ്ടി വന്നെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാല്‍ ആഭ്യന്തര സമിതിയും അന്വേഷണം മേയില്‍ അവസാനിപ്പിച്ചു. ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്നും കൂടുതല്‍ മോശമായ പെരുമാറ്റമുണ്ടായെന്നും തന്നോട് സംസാരിച്ചവര്‍ക്ക് പോലും മേലുദ്യോഗസ്ഥരില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നുവെന്നും അവര്‍ തുറന്ന് പറയുന്നു. ഒടുവില്‍ സൈന്യത്തില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് തോന്നിയതോടെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വകാര്യമായ ആശയ വിനിമയങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ നിലവില്‍ നിരീക്ഷിക്കുകയാണെന്നും ജീവിതം ദുസ്സഹമാക്കുന്നുവെന്നും ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ കരുതിപ്പോകുന്നുവെന്നും പരാതിക്കാരി പറയുന്നു. ജീവന്‍ അപകടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.