രാജ്യം തനിക്കൊപ്പമുണ്ടെന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിക്കുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ ജുലാനയില്‍ പ്രചാരണം തുടങ്ങിയ വിനേഷിന് പ്രവര്‍ത്തകര്‍ വന്‍വരവേല്‍പ്പ് നല്‍കി. അതിനിടെ ഗുസ്തി താരങ്ങള്‍ക്കെതിരെ ഒന്നും പറയരുതെന്ന് ബ്രിജ് ഭൂഷണ്‍ സിങിനോട് ബി.ജെ.പി നിര്‍ദേശിച്ചു.
തിരിച്ചടികളില്‍ തളരാതെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വിനേഷ് ഫോഗട്ടിന് പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുപിന്നാലെ ജുലാനയിലെത്തിയ വിനേഷ് നേതാക്കള്‍ക്കൊപ്പം പ്രചാരണം തുടങ്ങി.
ഇന്ത്യയെന്നാല്‍ ബ്രിജ്ഭൂഷണല്ലെന്നും രാജ്യം തനിക്കൊപ്പമുണ്ടെന്നും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി. വിനേഷിന്‍റെ കോണ്‍ഗ്രസ് പ്രവേശത്തെയും മല്‍സരത്തെയം ബി.ജെ.പി കരുതലോടെയാണ് നേരിടുന്നത്. വിനേഷ് ഫോഗട്ടിനും ബജ്‌റംഗ് പുനിയക്കുമെതിരെ പ്രസ്താവനകള്‍ നടത്തരുതെന്ന് ബ്രിജ് ഭൂഷൺ സിങ്ങിന് പാര്‍ട്ടി താക്കീത് നല്‍കി. ഗുസ്തി താരങ്ങള്‍ക്കെതിരായ പ്രസ്താവനകള്‍ തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് നിര്‍ദേശം. ഗുസ്തി താരങ്ങളുട സമരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബി.ജെ.പിയെ സാരമായി ബാധിച്ചിരുന്നു.