ശൈത്യകാലമെത്താറയതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. എല്ലാവര്‍ഷവും ഉണ്ടാകാറുള്ള വിഷപ്പുക നിയന്ത്രിക്കാന്‍ കൃത്രിമ മഴ പെയ്യിക്കണം എന്നാണ് എ.എ.പി. സര്‍ക്കാരിന്റെ ആവശ്യം. പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തുകയാണ് വേണ്ടതെന്ന് ബി.ജെ.പിയും പറയുന്നു. മഴ പെയ്യിച്ചാലും ഇല്ലെങ്കിലും മലിനീകരണം രാജ്യതലസ്ഥാനത്തിന് എന്നും പേടിസ്വപ്നമാണ്
(ഡല്‍ഹിക്ക് പൂര്‍ണമായും സ്വന്തമെന്ന് പറയാന്‍ ഒന്നും ഇല്ല. സര്‍ക്കാരുണ്ട്, പൊലീസില്ല. നദിയുണ്ട് പക്ഷേ വെള്ളത്തിന് ഹരിയാന കനിയണം... ഭൂമിയുണ്ട് ഉപയോഗിക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുവാദം വേണം... പക്ഷേ പൂര്‍ണമായും ഡല്‍ഹിക്ക് സ്വന്തമെന്ന് പറയാന്‍ ഒന്നുണ്ട് .... ഒട്ടും അഭിമാനിക്കാന്‍ വകയില്ലാത്ത ഒന്ന് മാലിന്യം. അത് കരയിലായാലും വെള്ളത്തിലായാലും വായുവിലായാലും ആവശ്യത്തില്‍ അധികമാണ്.
രണ്ടുമാസം കഴിഞ്ഞാല്‍ ശൈത്യകാലമെത്തും. മഞ്ഞിന്‍റെ മറപിടിച്ച് വിഷപ്പുകയും. വാഹന നിയന്ത്രണവും പടക്കംപൊട്ടിക്കുന്നതിന് വിലക്കുമൊക്കെയായി എല്ലാവര്‍ഷവും സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ സ്വീകരിക്കാറുണ്ട്. ഇത്തവണ കൃത്രിമമഴ അഥവാ ക്ലൗഡ് സീഡിങ്ങ് നടത്തണമെന്നാണ് നിലപാട്. മഴപെയ്താന്‍ വിഷപ്പുക ഒതുങ്ങും. പക്ഷേ അടിക്കടി മഴപെയ്യിച്ചാല്‍ അതിനായി അന്തരീക്ഷത്തില്‍ കലര്‍ത്തുന്ന രാസവസ്തുക്കള്‍ മറ്റൊരു മലിനീകരണമായി മാറും. അത് നദിയില്‍ കലര്‍ന്ന് പിന്നെയും പ്രശ്നമാകും. പിന്നെ നല്ലൊരു മഴപെയ്താന്‍ ഇതാണ് നഗരത്തിന്റെ സ്ഥിതി. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ പകുതി പ്രശ്നം തീരും. അത് പക്ഷേ അത്ര എളുപ്പമല്ല. എന്തൊക്കൊയായാലും ക്ലൗഡ് സീഡിങ്ങിന് അനുമതി വേണമെന്ന് വാശിപിടിക്കുകയാണ് എ.എ.പി. സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന് കണ്ടറിയണം. അന്തരീക്ഷ മലിനീകരണം കാരണം ഡല്‍ഹി ജനതയുടെ ആയുസ് ശരാശരി 12 വര്‍ഷം കുറയുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്.