ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി ബി.ജെ.പി. 67 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നി ലഡ് വയില്‍ മല്‍സരിക്കും. ജെ.ജെ.പിയും 19 അംഗ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു. കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടുരുകയാണ്.
മുതിര്‍ന്ന നേതാക്കള്‍ക്കും മറ്റുപാര്‍ട്ടികളില്‍നിന്ന് വന്നവര്‍ക്കും പരിഗണന നല്‍കിയ ബി.ജെ.പി. ചില മന്ത്രിമാരെയും സിറ്റിങ് എം.എല്‍.എമാരെയും തഴഞ്ഞു. മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നി കര്‍ണാല്‍ വിട്ട് ലഡ് വയിലേക്ക് മാറിയപ്പോള്‍ മുതിര്‍ന്ന നേതാവ് അനില്‍ വിജിന് സ്ഥിരം മണ്ഡലമായ അംബാല കന്റോണ്‍മെന്റ് നല്‍കി. കോണ്‍ഗ്രസ് വിട്ടുവന്ന ശ്രുതി ചൗധരി തോഷാമില്‍ മല്‍സരിക്കും. ജെ.ജെ.പി വിട്ടുവന്ന മൂന്നുപേര്‍ക്കും സീറ്റ് ലഭിച്ചു. 67 സ്ഥാനാര്‍ഥികളില്‍ എട്ടുപേര്‍ വനിതകളാണ്. അതേസമയം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ചര്‍ച്ചകള്‍ക്കായി നേതൃത്വം നിയോഗിച്ച ഉപസമിതി ഇന്ന് യോഗം ചേരും. എ.എ.പിയുമായി സഖ്യചര്‍ച്ചകളും തുടുരുകയാണ്. മുന്‍പ് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജെ.ജെ.പിയും ഇന്നലെ 19 അംഗ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു. ദുഷ്യന്ത് ചൗട്ടാല സിറ്റിങ് സീറ്റായി ഉചാന കലാനില്‍ മല്‍സരിക്കും.