ബ്രിട്ടൺ കോണ്ടം നിർമാതാക്കളായ ഡ്യൂറെക്സിൻറെ ഇന്ത്യൻ സബ്സിഡിയറിയായ ഡ്യൂറെക്സ് ഇന്ത്യയിൽ വിവര ചോർച്ച. ഓർഡർ വിവരങ്ങളടക്കം ഉപഭോക്താക്കളുടെ പേര് വിവരങ്ങളിൽ ഓൺലൈനിൽ ലഭ്യമാകുന്നുവെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റി റിസർച്ചർ സൗരജിത് മജുംദാറാണ് വിവര ചോർച്ച കണ്ടെത്തിയത്. എത്രപേരുടെ ഡാറ്റയാണ് ചോർന്നതെന്ന് വ്യക്തമല്ല. നൂറിലധികം പേരുടെ വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയതായി സൗരജിത് പറഞ്ഞു.
ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, ഇ–മെയിൽ, മേൽവിലാസം, ഉത്പ്പന്നത്തിൻറെ വിവരം, അടച്ച തുക എന്നിവ കമ്പനി വെബ്സൈറ്റിൽ നിന്ന് ആർക്കും ലഭിക്കും വിധമാണെന്നാണ് സൗരജിത് കണ്ടെത്തിയത്. കമ്പനിയുടെ ഓർഡർ കൺഫർമേഷൻ പേജിലെ സുരക്ഷ സംവിധാനങ്ങളുടെ പോരായ്മയാണ് വിവര ചോർച്ചയ്ക്ക് കാരണം.
ഇത്തരം ഉത്പ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ സ്വകാര്യത ഉറപ്പാക്കേണ്ടത് നിർണായകമാണെന്ന് സൗരജിത് വ്യക്തമാക്കി. വിവര ചോർച്ച ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിച്ചെന്നും സദാചാര പോലീസിംഗിൻ്റെയോ ഇരകളകാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്യൂറെക്സിന്റെ മാതൃ കമ്പനിയായ റക്കിറ്റ് വക്താവ് പ്രതികരിക്കാൻ തയ്യാറായില്ല.