മുംബൈയിലെ അടല്‍ സേതു പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയെ രക്ഷിച്ച് ടാക്സി ഡ്രൈവര്‍. വടക്ക് കിഴക്കന്‍ മുംബൈ സ്വദേശിയായ റീമ മുകേഷ് പട്ടേലെന്ന 56കാരിയാണ് അടല്‍ സേതുവില്‍ നിന്ന് ചാടിയത്.
പാലത്തിലെ കൈവരിയില്‍ ഇരുന്ന റീമ, വെള്ളത്തിലേക്ക് ആദ്യം കയ്യിലിരുന്നതെന്തോ വലിച്ചെറിഞ്ഞു. പിന്നാലെ താഴേക്ക് ചാടി. സംശയം തോന്നി വാഹനം നിര്‍ത്തിയ ടാക്സി ഡ്രൈവര്‍ ചാടി മുടിയില്‍ പിടിക്കുകയായിരുന്നു. പാലത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഓടിയെത്തി സ്ത്രീയെ സാഹസികമായി വലിച്ചു കയറ്റി. ഇവരെ ഉടന്‍ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. സ്ത്രീയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഉദ്യോഗസ്ഥരെയും ടാക്സി ഡ്രൈവറെയും മുംബൈ പൊലീസ് സമൂഹ മാധ്യമത്തിലൂടെ അഭിനന്ദിച്ചു.
കഴിഞ്ഞമാസമാണ് 38കാരനായ യുവാവ് പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. കാര്‍ പാലത്തില്‍ പാര്‍ക്ക് ചെയ്ത ശേഷം എന്‍ജീയറായ ശ്രീനിവാസ് ചാടുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ജീവന്‍ വിലപ്പെട്ടതാണെന്നും സാഹചര്യങ്ങളുടെ വൈകാരിക അവസ്ഥകളില്‍പ്പെട്ട് ഒരു നിമിഷം കൊണ്ട് അവിവേകം കാണിക്കരുതെന്നും പൊലീസ് സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.