
മെഡി.കോളജുകളിലെ സുരക്ഷ പരിശോധിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐഎംഎയ്ക്കും റസിഡന്‍റ് ഡോക്ടര്‍മാരുടെ സംഘടനയ്ക്കും നിര്‍ദേശം സമര്‍പ്പിക്കാം. കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം രാജ്യവ്യപകമായി പടരുന്നതിനിടെയാണ് പുതിയ നീക്കം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ അണപൊട്ടി പ്രതിഷേധം. രാജ്യവ്യാപകമായുള്ള ഡോക്ടർമാരുടെ പണിമുടക്കിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. അതേസമയം ആർ.ജി. കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ തുടർച്ചയായ രണ്ടാംദിനവും ചോദ്യംചെയ്യുകയാണ്.
ഡൽഹിയിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഡോക്ടർമാരുടെ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു. എയിംസ്, സഫ്ദർജങ്, ആർഎംഎൽ ആശുപത്രികളാണ് ഡൽഹി പ്രതിഷേധങ്ങളുടെ കേന്ദ്രം. രോഗികളെ കൊണ്ട് നിറയുന്ന ആശുപത്രികൾ വിജനം.
അതേസമയം 31 വയസ്സുള്ള ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെയും സിബിഐ ഓഫിസിൽ ചോദ്യംചെയ്യുന്നു. ഇന്നലെ 15 മണിക്കൂർ ചോദ്യംചെയ്ത മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് ഇന്ന് വീണ്ടും സിബിഐ ഓഫിസിൽ ഹാജരായി. പൊലീസ് അന്വേഷണത്തിൽ വലിയ വീഴ്ച സംഭവിച്ചതായി ദേശീയ വനിതാ കമ്മിഷന്റെ പ്രാഥമിക റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മെഡിക്കൽ കോളജിനുനേരെയുണ്ടായ അക്രമത്തിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. മമതാ സർക്കാരിനെതിരെ ബിജെപി ബംഗാളിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അതേസമയം കുറ്റക്കാർക്ക് വധശിക്ഷ ആവശ്യപ്പെട്ട് മമത ബാനർജി ഇന്നും കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച് നടത്തും.