ജമ്മുകശ്മീരില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രത്യേകപദവി എടുത്തുകളഞ്ഞ് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്. 2019 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് സംസ്ഥാനം വിഭജിച്ചത്. പുനസംഘടനാനിയമപ്രകാരം ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയിരുന്നു. പുതിയ ജമ്മുകശ്മീരില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത മാസത്തേത്.
20 ജില്ലകളിലായി 90 നിയമസഭാമണ്ഡലങ്ങളാണ് പുതിയ ജമ്മുകശ്മീരില്‍ ഉള്ളത്. ഇതില്‍ 74 എണ്ണം പൊതുവിഭാഗവും 9 എണ്ണം എസ്.സി. സംവരണവും ഏഴെണ്ണം എസ്.ടി സംവരണവുമാണ്. ആകെ 87.09 ലക്ഷം വോട്ടര്‍മാരുണ്ട്. 44.46 ലക്ഷം പുരുഷന്മാരും 42.62 ലക്ഷം സ്ത്രീകളും. 3.71 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. 20.7 ലക്ഷം പേര്‍ ഇരുപതിനും ഇരുപത്തൊന്‍പതിനുമിടയില്‍ പ്രായമുള്ളവരാണ്. ആകെ 11,838 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാര്‍ അറിയിച്ചു.
2014–ലാണ് ഇതിനുമുന്‍പ് ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 87 അംഗ നിയമസഭയില്‍ 28 സീറ്റ് നേടി പീപ്പിള്‍സ് ഡമോക്രറ്റിക് പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയായി. 25 സീറ്റ് നേടിയ ബിജെപി രണ്ടാമതെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് പതിനഞ്ചും കോണ്‍ഗ്രസ് പന്ത്രണ്ടും സീറ്റ് നേടി. പീപ്പിള്‍ കോണ്‍ഫറന്‍സിന് രണ്ടും സിപിഎം, പീപ്പിള്‍സ് ഡമക്രറ്റിക് ഫ്രണ്ട് സെക്കുലര്‍ എന്നിവയ്ക്ക് ഓരോ സീറ്റും ലഭിച്ചു