pm-flag
  • അഴിമതിയും സ്വജനപക്ഷപാതവും വച്ചുപൊറുപ്പിക്കില്ല
  • കുടുംബവാദവും ജാതിവാദവും ആപത്ത്
  • നിയമവാഴ്ച നടപ്പാക്കണം
  • സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം

രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുടുംബാംഗങ്ങളെ എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.  ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം. അതിക്രമങ്ങളില്‍ നടപടിയെടുത്ത് കാണിക്കണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ഗൗരമായി ചിന്തിക്കണം. കൊല്‍ക്കത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ക്രൂരകൃത്യം ചെയ്യുന്നവര്‍ക്ക് എത്രയും വേഗം കര്‍ശന ശിക്ഷ നല്‍കണം. ഒളിംപിക്സ് മെഡല്‍ ജേതാക്കളെയും പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പാരാലിംപിക്സില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് ആശംസയും നേര്‍ന്നു. 

 

അഴിമതിയും സ്വജനപക്ഷപാതവും വച്ചുപൊറുപ്പിക്കില്ല. ചിലര്‍ അഴിമതിയെ മഹത്വവല്‍ക്കരിക്കുന്നു. ചിലര്‍ എല്ലാത്തിലും പ്രതിലോമകത കാണുന്നു. അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണം. ഇന്ത്യയ്ക്ക് മതേതര വ്യക്തിനിയമം ആവശ്യമാണ്. വിവേചനം അവസാനിപ്പിക്കാന്‍ വ്യക്തി നിയമം അനിവാര്യമാണ്. വര്‍ഗീയമായ വ്യക്തിനിയമവുമായി മുന്നോട്ടു പോകാനാകില്ല. കുടുംബവാദവും ജാതിവാദവും ഇന്ത്യയ്ക്ക് ആപത്ത്. 

രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ചവരെ നന്ദിയോടെ ഓർക്കുന്നുന്നു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിക്കുന്നു. പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടമായവരെയും സ്മരിക്കുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം രാജ്യം നിൽക്കുന്നു. 40 കോടി ആളുകൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി. അവരുടെ പോരാട്ട വീര്യമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുളള വികസിത ഭാരതമാണ് ലക്ഷ്യം. ഭരണനിര്‍വഹണം കുറേക്കൂടി വേഗത്തിലാകണം. കോടതി വിചാരണകളും നടപടിക്രമങ്ങളും വേഗത്തിലാകണം. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും. ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറും. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നില്‍ക്കും. എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ വൈദ്യുതി എത്തണം. 

 

രാജ്യസുരക്ഷ വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. രാജ്യത്ത് ഓരോ പൗരനും സുരക്ഷിതത്വ ബോധമുണ്ട്. വിവിധ മേഖലകളിലെ പരിഷ്കരണങ്ങളുമായി മുന്നോട്ടു പോകും. ഓരോ രംഗത്തും ചെറുതും വലുതുമായ മാറ്റങ്ങള്‍ ഉണ്ടാകും. ഇനിയും വലിയ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളെ മാറ്റാന്‍ കഴിയണം. രാജ്യമാണ് പ്രധാനം. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുന്നു. ലോകത്തെ മികച്ച ബാങ്കിങ് സംവിധാനമാണ് ഇന്ത്യയിലേത്. കോവിഡിനെ നേരിട്ടത് ലോകം അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. 

ആരോഗ്യം, ഗതാഗതം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും മാറ്റം പ്രകടമാണ്. വനിതകളുടെ സ്വയംസഹായ സംഘങ്ങള്‍ വരുത്തി മാറ്റം ചെറുതല്ല. കോടിക്കണക്കിന് വനിതകളാണ് മുന്‍നിരയിലേക്ക് വരുന്നത്. ബഹിരാകാശരംഗത്ത് ഇന്ത്യ സൂപ്പര്‍ പവര്‍ ആകുന്നു. ബഹിരാകാശമേഖലയില്‍ നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ വരുന്നു. ഇന്ത്യയുടെ വളര്‍ച്ച ബഹിരാകാശനേട്ടങ്ങളെ കൂടി ആശ്രയിച്ചാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാകണം. പാവപ്പെട്ടവരുടെ കണ്ണീരൊപ്പണം. ചെറിയ ആവശ്യങ്ങള്‍ പോലും കണ്ടെത്തി നിറവേറ്റാന്‍ കഴിയണം. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാക‌ും. കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ തന്റെ സര്‍ക്കാര്‍ ഒഴിവാക്കി. നമ്മുടെ മുന്നേറ്റം കൃത്യമായി ദിശയിലാണ്. യുവാക്കള്‍ നടക്കാനല്ല കുതിച്ചുചാടാനുള്ള മാനസികാവസ്ഥയിലാണ്. ഈ അവസരം പ്രയോജനപ്പെടുത്തിയാല്‍ വികസിത് ഭാരത് ലക്ഷ്യം സാധ്യമാകുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. 

 

ചെങ്കോട്ടയില്‍  പ്രധാനമന്ത്രിയെ സംയുക്ത സേനാ വിഭാഗം സ്വീകരിച്ചു. സംയുക്ത സേനാ വിഭാഗവും ഡല്‍ഹി പൊലീസ് ഗാര്‍ഡും സല്യൂട്ട് നല്‍കി. പ്രധാനമന്ത്രി ഗാര്‍ഡ് ഒാഫ് ഒാണര്‍ പരിശോധിച്ചു. നേരത്തെ  രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.  

ENGLISH SUMMARY:

Secular Civil Code Need Of Times: PM Modi In Independence Day Speech