സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്. മാധവി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. ഈ ബന്ധം കാരണമാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സെബി നടപടി എടുക്കാതിരുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
സെബി ചെയര്‍ പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്. മൗറീഷ്യസില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ പേരിലുള്ള രഹസ്യ കമ്പനികളില്‍ മാധവി ബുച്ചയും ഭര്‍ത്താവ് ധാവല്‍ ബുച്ചയും നിക്ഷേപം നടത്തിയെന്ന് സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ അടക്കം പുറത്തുവിട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് സമര്‍ഥിക്കുന്നത്. 2017 ല്‍ മാധവി സെബിയുടെ മുഴുവന്‍ സമയ അംഗമായപ്പോള്‍ ട്രൈഡന്റ് ട്രസ്റ്റ് എന്ന മൗറീഷ്യസ് കമ്പനിയിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ചുമതല ഭര്‍ത്താവ് മാധവ് ബുച്ചയെ ഏല്‍പിച്ചു. എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളറാണ് ഇരുവര്‍ക്കുമായി ഈ സ്ഥാപനത്തിലുള്ള നിക്ഷേപം.
2013 ല്‍ സിംഗപ്പുരില്‍ റജിസ്റ്റര്‍ചെയ്ത അഗോറ പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലും മാധവി ബുച്ചയ്ക്ക് 99 ശതമാനം ഓഹരിയുണ്ടായിരുന്നു. 2022 ല്‍ സെബിയുടെ ചെയര്‍പേഴ്‌സണ്‍ ആയപ്പോള്‍ ഭിന്നതാല്‍പര്യം എന്ന ആരോപണം ഒഴിവാക്കാന്‍ അഗോരയിലെ നിക്ഷേപം ഭര്‍ത്താവ് ധാവല്‍ ബുച്ചയ്ക്ക് കൈമാറിയെന്നും രേഖകള്‍ പറയുന്നു. അരോഗയിലെ നിക്ഷേപം എത്രയെന്ന് പുറത്തുവന്നിട്ടില്ല.
അതേസമയം അദാനി സെബി ചെയർപേഴ്സൺ ബന്ധം പുറത്ത് വരാൻ JPC അന്വേഷണം വേണമെന്ന് കോൺഗ്രസ്. അഴിമതിയുടെ മുഴുവൻ വ്യാപ്തി വ്യക്തമാക്കാൻ ജെ.പി.സി അന്വേഷണം അനിവാര്യമാണ്. സെബി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സെബി ചെയർപേഴ്സൺ ആയ ശേഷവും മാധവി ബുച്ച് അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഈകൂടികാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു എന്നും കോൺഗ്രസ് ആരോപിച്ചു. മാധവി ബുച്ചെ സെബി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രാജിവെക്കണം എന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗിന്റെ കത്തുകള്‍ക്ക് എന്തുകൊണ്ട് മറുപടി ലഭിച്ചില്ലെന്ന് ഇപ്പോള്‍ മനസിലായി എന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു.