റീല്‍സില്ലാതെ ഇന്ന് നെറ്റനണ്‍സിന് ഒരു ജീവിതമില്ല. റീല്‍സിനായി ചിലര്‍ എതറ്റംവരെയും പോവുകയും ചെയ്യും. റീല്‍സ് ഷൂട്ടിനിടെയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ഇന്ന് പതിവ് വാര്‍ത്തയുമാണ്. റോഡരികില്‍ റീല്‍സ് ഷൂട്ടിനിടെ തെന്നിവീഴുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
വിഡിയോയില്‍ ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് യുവതി റോഡരികില്‍ റീല്‍ ഷൂട്ട് ചെയ്യുന്നത് കാണാം. ബാഡ് ന്യൂസ് എന്ന സിനിമയിലെ തൗബ-തൗബ എന്ന ഗാനത്തിനായി ചുവടുവയ്ക്കുകയാണ് യുവതി. ഇതിനിടയില്‍ തെന്നി റോഡില്‍ വീണെങ്കിലും അത് കൂട്ടാക്കാതെ എഴുന്നേറ്റുവന്ന് നൃത്തം തുടര്‍ന്നു. യുവതി തന്നെയാണ് വിഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതിനകം നാല് ലക്ഷത്തിലേറെപേര്‍ വിഡിയോ കണ്ടുകഴിഞ്ഞു.
അതേസമയം, ഭാഗ്യത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. യുവതി വീണ് കുറച്ച് സമയത്തിനകം ഒരു ബസും റോഡിലൂടെ കടന്നുപോകുന്നുണ്ട്. ബസ് ഇടിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. റീല്‍സ് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും സ്വന്തം ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഓര്‍മിപ്പിക്കുയാണ് കമന്‍റ് ബോക്സ്. അടുത്തിടെ റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ട്രാവൽ വ്ലോഗറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മുംബൈ സ്വദേശിനി മരിച്ചിരുന്നു. 300 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.