ദേശീയ പാത 66ല്‍ കര്‍ണാടക ഷിരൂരിനു സമീപം കാര്‍വാറില്‍ പാലം തകര്‍ന്നു ലോറി പുഴയില്‍ പതിച്ചു. ഇന്നലെ അര്‍ധരാത്രിയാണു കര്‍ണാടക–ഗോവ അതിര്‍ത്തിയിലെ കാളി പാലം തകര്‍ന്നത്. സമീപവാസികളുടെ അവസരോചിത ഇടപെടലില്‍ ലോറി ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായി. കോഴിക്കോട് സ്വദേശി അര്‍ജുനെ കണാതായ മണ്ണിടിച്ചിലുണ്ടായി മൂന്നാഴ്ച പൂര്‍ത്തിയാകുന്നതിനു മുന്‍പേയാണ് അപകടം.
ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു നിന്നു നൂറു കിലോമീറ്റര്‍ അകലെ കാര്‍വാര്‍ ടൗണിനോടു ചേര്‍ന്നുള്ള പാലമാണു കനത്ത മഴയില്‍ നിലം പൊത്തിയത്. കാളി നദിക്കു കുറുകെ 1981ല്‍ പണിത പാലം വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മൂന്നായി മുറിഞ്ഞു പുഴയിലേക്കു പതിച്ചു. ഗോവയില്‍ നിന്നു ഹുബ്ബള്ളിയിലേക്കു പോകുകയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയും ഇതോടൊപ്പം പുഴയിലേക്കു വീണു. ഡ്രൈവര്‍ ബാലമുരുകനെ ലോറി പൂര്‍ണമായി മുങ്ങുന്നതിനു മുന്‍പു സമീപവാസികള്‍ രക്ഷപ്പെടുത്തി. ദേശീയ പാത നാലുവരിയാക്കുന്നതിനായി ഇവിടെ പുതിയ പാലം പണിതിരുന്നു. അപകടമുണ്ടായതോടെ ഇതിലൂടെയുള്ള ഗതാഗതവും ഉത്തര കന്നഡ ജില്ലാ കലക്ടര്‍ താല്‍കാലികമായി നിരോധിച്ചു. ഇന്നുതന്നെ സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ പാത അതോറിറ്റി മേഖല ഓഫീസര്‍ക്കും പ്രൊജക്ട് ഓഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ദേശീയ പാത നിര്‍മാണ ചുമതലയുള്ള കമ്പനിക്കെതിരെ കലക്ടറുടെ നിര്‍ദേശപ്രകാരം കാര്‍വാര്‍ നഗര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. നാല്‍പതു വര്‍ഷം പഴക്കമുള്ള പാലത്തോടു ചേര്‍ന്ന് പൈലിങ് നടത്തിയതാണു തകര്‍ച്ചയിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം.