ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച് പുലിവാല് പിടിച്ച് തമിഴ്നടന്‍ പ്രശാന്ത്. പുതിയ ചിത്രം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖമാണ് പൊല്ലാപ്പായത്. ചെന്നൈയില്‍ തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിച്ച് കൊണ്ടാണ് ഒരു യൂട്യൂബ് ചാനലിന് താരം അഭിമുഖം നല്‍കിയത്. വെറൈറ്റിക്ക് വേണ്ടി ചെയ്തതാണെങ്കിലും ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ചത് വിനയായി. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനവും ഉയര്‍ന്നു.
യുവാക്കള്‍ക്ക് മാതൃകയാകേണ്ട സെലിബ്രിറ്റി തന്നെ നിയമം ലംഘിച്ചാലെങ്ങനെയാണെന്ന് ആളുകള്‍ അഭിമുഖത്തിന് ചുവടെയും വിഡിയോ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചും കുറിച്ചു. ട്രാഫിക് പൊലീസിന്‍റെ ശ്രദ്ധയിലും വിഡിയോ പെട്ടതോടെ 2000 രൂപ പിഴ ഈടാക്കുകയായിരുന്നു. ഹെല്‍മെറ്റില്ലാത്തതിന് പ്രശാന്തിനും പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് അവതാരകയ്ക്കും പിഴയിട്ടെന്നാണ് ട്രാഫിക് പൊലീസ് സമൂഹമാധ്യമമായ എക്സി(ട്വിറ്റര്‍)ലൂടെ അറിയിച്ചത്.
അന്തഗന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായിരുന്നു അഭിമുഖം. ആയുഷ്മാന്‍ ഖുറാനയുടെ 'അന്ധാധു'ന്‍റെ റീമേക്കാണ് ചിത്രം. ഓഗസ്റ്റ് ഒന്‍പതിന് ചിത്രം തിയറ്ററുകളിലെത്തും. സ്വാതന്ത്ര്യദിനത്തിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. വീണ്ടും തീയതി മാറ്റിയാണ് അടുത്തയാഴ്ച റിലീസിനൊരുങ്ങുന്നത്. പ്രശാന്തിന്‍റെ പിതാവും മുതിര്‍ന്ന നടനുമായ ത്യാഗരാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രാനാണ് ചിത്രത്തില്‍ നായിക.